Kollam Local

ക്വാറി പ്രവര്‍ത്തനം അധികൃതര്‍ പരിശോധിക്കണമെന്ന്മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം: ചടയമംഗലം ഇളമ്പഴന്നൂര്‍ ഷാ ക്വാറിയുടെ പ്രവര്‍ത്തനം കാരണം പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുകളുണ്ടെന്ന പരാതി ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡും മൈനിങ് ആന്റ് ജിയോളജിയും സ്റ്റേറ്റ് എണ്‍വിയോണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റിയും നിയമാനുസരണം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.ക്വാറി പ്രവര്‍ത്തനം കാരണം പരിസരത്തെ വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ജില്ലാ കലക്ടര്‍ മതിയായ അനേ്വഷണം നടത്തി പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.ക്വാറിയുടെ പ്രവര്‍ത്തനാനുമതിക്കായി നല്‍കിയിരിക്കുന്ന നിബന്ധനകള്‍ പാലിക്കുണ്ടെന്ന് ബന്ധപ്പെട്ട അധികാരികള്‍ പരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.ഇളമ്പഴന്നൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് ഉത്തരവ്.  ക്വാറി കാരണം മുപ്പതോളം വീടുകള്‍ താമസയോഗ്യമല്ലാതായി തീര്‍ന്നുവെന്നാണ് പരാതി.ക്വാറിക്ക് 2021 മേയ് 31 വരെ സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റി പരിസ്ഥിതി അനുമതി നല്‍കിയിട്ടുള്ളതായി ചടയമംഗലം പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പരാതിക്കാരിയുടെ ആക്ഷേപങ്ങള്‍ പരിശോധിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും മറ്റ് വകുപ്പുകളോടും ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ട് അനുസരിച്ച് മേല്‍നടപടി സ്വീകരിക്കുമെന്നും പറയുന്നു. അടുത്തമാസം വരെ ക്വാറിക്ക് ഡി ആന്റ് ഒ ലൈസന്‍സ് നല്‍കിയിട്ടുണ്ട്. പരാതിക്കാരിക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് ക്വാറി ഉടമക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി കടയ്ക്കല്‍ പോലിസ് അറിയിച്ചു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്ന് പരാതിക്കാരി അറിയിച്ചു.പഞ്ചായത്ത് സെക്രട്ടറി പരാതിക്കാരിയുടെ ആക്ഷേപം ബന്ധപ്പെട്ട അധികാരികളെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it