ക്വാറം തികഞ്ഞില്ല; പ്രത്യേക മന്ത്രിസഭാ യോഗം പിരിഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ഹാജരാവാതെ മന്ത്രിമാര്‍. ക്വാറം തികയാത്തതിനെ തുടര്‍ന്നു മന്ത്രിസഭാ യോഗം തീരുമാനമാവാതെ പിരിഞ്ഞു. 19 അംഗ മന്ത്രിസഭയിലെ 13 പേരും യോഗത്തിന് എത്തിയില്ല. കാലാവധി അവസാനിക്കുന്ന ഓര്‍ഡിനന്‍സുകള്‍ വീണ്ടും ഇറക്കുന്നതിനായാണു യോഗം തീരുമാനിച്ചത്. ഇതിനായി തിങ്കളാഴ്്ച വീണ്ടും മന്ത്രിസഭ ചേരും.പാര്‍ട്ടിയുടെ വയനാട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാല്‍ നാലു സിപിഐ മന്ത്രിമാരും യോഗത്തിന് എത്തിയില്ല. മറ്റു മന്ത്രിമാര്‍ അവരവരുടെ ജില്ലകളിലെ പരിപാടികള്‍ ഏറ്റുപോയതിനാലാണു ഹാജരാവാതിരുന്നതെന്ന് അറിയുന്നു. കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണു വെള്ളിയാഴ്ച മന്ത്രിസഭ ചേരാന്‍ തീരുമാനിച്ചത്. 19 ഓര്‍ഡിനന്‍സുകള്‍ നീട്ടേണ്ട തീരുമാനമാണ് എടുക്കാനുള്ളത്. നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസം മുതല്‍ ആറാഴ്ച കഴിയുമ്പോഴാണ് ഓര്‍ഡിനന്‍സുകള്‍ ഇല്ലാതാവുന്നത്. എന്നാല്‍ ഇപ്പോള്‍ അവസാനിച്ച സമ്മേളനം തുടങ്ങിയിട്ട് ആറാഴ്ച ആയിട്ടില്ല. എങ്കിലും വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കുന്നതിനു നിയമതടസ്സം ഇല്ലെന്നു നിയമ വകുപ്പ് ഉപദേശിച്ച സാഹചര്യത്തിലാണു മന്ത്രിസഭ ചേര്‍ന്നത്. അതേസമയം ക്വാറം തികയാത്തതില്‍ അസ്വാഭാവികതയില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.  ഇതൊക്കെ സാധാരണ സംഭവിക്കാറുള്ളതാണെന്നും കാര്യമായി എടുക്കേണ്ടതില്ലെന്നും കാനം പറഞ്ഞു. സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. കാബിനറ്റ് യോഗം വിളിച്ചിട്ടും മന്ത്രിമാര്‍ എത്തിച്ചേരാത്തതിനാല്‍ തീരുമാനം എടുക്കാന്‍ കഴിയാതെ പതനത്തിലെത്തിയ മന്ത്രിസഭ സംസ്ഥാനത്തിന് അപമാനമാണെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇത് പോലൊരു ഗതികേട് കേരളത്തിന് ഇതിന് മുമ്പുണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ ഭരണം നടത്താനല്ല, പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മറ്റു കാര്യങ്ങള്‍ക്കുമാണു മന്ത്രിമാര്‍ക്ക് താല്‍പര്യം. മന്ത്രിമാര്‍ എത്താത്തതിനാല്‍ ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കാന്‍ കഴിയാതെപോയത് ദയനീയമാണ്. ഇപ്പോള്‍ കാബിനറ്റ് യോഗം വിളിച്ചാല്‍ പോലും മന്ത്രിമാരെത്താത്ത അവസ്ഥയാണ്. സംസ്ഥാനം ഭരിക്കാന്‍ തങ്ങള്‍ക്ക് അര്‍ഹതയില്ലെന്നു മന്ത്രിമാര്‍ തെളിയിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it