Flash News

ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇംഗ്ലണ്ട് കൊളംബിയക്കെതിരേ, പോരാട്ടം കടുക്കും

ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇംഗ്ലണ്ട് കൊളംബിയക്കെതിരേ, പോരാട്ടം കടുക്കും
X


മോസ്‌കോ: ലോകകപ്പില്‍ അവസാന എട്ടില്‍ സ്ഥാനംപിടിക്കാനുള്ള മോഹവുമായി ഇന്ന് നാലു ടീമുകള്‍ കളത്തിലിറങ്ങുന്നു. ഇന്നു രാത്രി 7.30ന് ആദ്യ മല്‍സരത്തില്‍ സ്വീഡന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ ഇറങ്ങുമ്പോള്‍ 11.30നു നടക്കുന്ന രണ്ടാം പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് കൊളംബിയയെ നേരിടും.

ഇംഗ്ലണ്ട്-കൊളംബിയ

ലോകകപ്പിലെ ഇതുവരെയുള്ള മല്‍സരങ്ങളില്‍ അഞ്ചു ഗോളുമായി ഒന്നാമതു നില്‍ക്കുന്ന ഹാരി കെയ്ന്‍ നയിക്കുന്ന ഇംഗ്ലണ്ട് ടീം ഉറച്ച ആത്മവിശ്വാസത്തോടെയാണ് കൊളംബിയക്കെതിരേ ബൂട്ടണിയുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ തുണീസ്യക്കെതിരേയും പാനമയ്‌ക്കെതിരേയും വന്‍ മാര്‍ജിനില്‍ ജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ഇംഗ്ലണ്ട് അവസാന മല്‍സരത്തില്‍ ബെല്‍ജിയത്തോട് ഏകപക്ഷീയമായ ഒരു ഗോളിനാണു പരാജയപ്പെട്ടത്. എങ്കിലും രണ്ടാംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലേക്ക് കുതിക്കുകയായിരുന്നു. അതേസമയം കൊളംബിയയാവട്ടെ ഗ്രൂപ്പ് ഘട്ടത്തില്‍ ജയം അനിവാര്യമായ സെനഗലുമായുള്ള അവസാന മല്‍സരത്തില്‍ ഡിഫന്‍ഡര്‍ യെറി മിനയുടെ ഗോളില്‍ (1-0) ജയിച്ച് ഗ്രൂപ്പ് ചാംപ്യന്മാരായാണ് പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത്. ആദ്യ മല്‍സരത്തില്‍ ജപ്പാനോട് 2-1ന്റെ തോല്‍വി വഴങ്ങിയ ടീം രണ്ടാം മല്‍സരത്തില്‍ പോളണ്ടിനെ 3-0നു പരാജയപ്പെടുത്തിയാണ് ഫോമിലേക്കുയര്‍ന്നത്. ഈ പ്രീക്വാര്‍ട്ടര്‍ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു കോച്ച് ഗാരെത് സൗത്‌ഗേറ്റ് ബെല്‍ജിയത്തിനെതിരായ പ്രീക്വാര്‍ട്ടറില്‍ മുഖ്യതാരങ്ങള്‍ക്ക് വിശ്രമമനുവദിച്ചിരുന്നത്. സൂപ്പര്‍താരങ്ങളെയെല്ലാം കുന്തമുനയാക്കി വിജയം പിടിക്കാനാണ് കോച്ച് ടീമിനെ പടക്കളത്തിലിറക്കുന്നത്.
എന്നാല്‍, പരിക്കിന്റെ പിടിയിലാണ് കൊളംബിയ ഇറങ്ങുന്നത്. കഴിഞ്ഞ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ടിനര്‍ഹനായ ഹാമിഷ് റോഡ്രിഗസിന്റെ പരിക്കാണ് ടീമിനെ വല്ലാതെ അലട്ടുന്നത്. കൂടാതെ മറ്റൊരു മുന്നേറ്റനിരതാരം മിഗ്വേല്‍ ബൊറിയ കൂടി പരിക്കു കാരണം പുറത്തിരിക്കുമ്പോള്‍ റഡമേല്‍ ഫാല്‍ക്കാവോ മാത്രമായിരിക്കും ആക്രമണത്തിനു ചുക്കാന്‍പിടിക്കാനുണ്ടാവുക. താരത്തിന് കൂട്ടായി മറ്റൊരു യുവന്റസ് താരം യുവാന്‍ ക്വാഡ്‌റാഡോ ഫോമിലെത്തിയാലും ഇംഗ്ലീഷ് പ്രതിരോധനിരയെ കീറിമുറിക്കാന്‍ അവര്‍ക്കു വിയര്‍ക്കേണ്ടിവരും. കെയിനെ കൂടാതെ റഹീം സ്റ്റെര്‍ലിങും ആഷ്‌ലി യങും ജെസ്സി ലിങ്കാര്‍ഡും മാര്‍കസ് റാഷ്‌ഫോര്‍ഡും ഡെലെ അലിയും മികച്ച ഫോമില്‍ തുടരുമ്പോള്‍ ഇംഗ്ലണ്ടിനെ പൂട്ടാന്‍ കൊളംബിയന്‍ പ്രതിരോധത്തിനു വിയര്‍ക്കേണ്ടിവരും. ഇരുടീമും രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. ഇതില്‍ ഒരു ലോകകപ്പ് പോരാട്ടവും ഉള്‍പ്പെടും.1998ല്‍ നടന്ന ലോകകപ്പില്‍ അലന്‍ ഷിയറര്‍ നായകനായ ഇംഗ്ലണ്ട് ഡേവിഡ് ബെക്കാമിന്റെ ഗോള്‍ മികവില്‍ 2-0ന് വെന്നിക്കൊടി നാട്ടുകയായിരുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡ്-സ്വീഡന്‍

2006നു ശേഷം ആദ്യമായി ലോകകപ്പ് കളിക്കുന്ന സ്വീഡന്‍ ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടുമ്പോള്‍ തങ്ങളുടെ വരവ് പ്രീക്വാര്‍ട്ടര്‍ കടന്ന് ഇരട്ടിമധുരമുള്ളതാക്കാനാവും ശ്രമിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ അവസാന മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മെക്‌സിക്കോയെ തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് സ്വീഡന്‍ പ്രീക്വാര്‍ട്ടറില്‍ കടന്നത്. സ്വിസ് പട ആദ്യമല്‍സരത്തില്‍ കരുത്തരായ ബ്രസീലിനെ 1-1ന് സമനിലയില്‍ തളച്ച് തുടക്കം ഗംഭീരമാക്കി. രണ്ടാംമല്‍സരത്തില്‍ സെര്‍ബിയയെ 2-1നു പരാജയപ്പെടുത്തിയ അവര്‍ അവസാന മല്‍സരത്തില്‍ കോസ്റ്റാറിക്കയോട് 2-2ന്റെ സമനില വഴങ്ങിയെങ്കിലും രണ്ടാംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടക്കുകയായിരുന്നു. മുന്നേറ്റത്തില്‍ തന്ത്രം മെനയുന്ന സൂപ്പര്‍താരങ്ങളായ ഷര്‍ദന്‍ ഷാക്കിരിയും സാക്കയുമാണ് സ്വിസ് ടീമിന്റെ കരുത്ത്. സ്വീഡനെതിരേ ഒരിക്കല്‍ക്കൂടി ഈ കൂട്ടുകെട്ട് തുടര്‍ന്നാല്‍ ടീമിന് ക്വാര്‍ട്ടര്‍ പ്രവേശനം അനായാസമാവും. എന്നാല്‍, ഇവരെ പൂട്ടാനുള്ള തന്ത്രവുമായാണ് പേരുകേട്ട സ്വീഡിഷ് പ്രതിരോധം കളത്തിലിറങ്ങുക. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടു ഗോള്‍ മാത്രമാണ് ഇവര്‍ വഴങ്ങിയിട്ടുള്ളത്. അതും ജര്‍മനിക്കെതിരേ. മികച്ച പ്രതിരോധവും മുന്നേറ്റവും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജയം ആര്‍ക്കെന്നത് പ്രവചനാതീതം.
Next Story

RELATED STORIES

Share it