kannur local

ക്വട്ടേഷന്‍ സംഘത്തെ മോചിപ്പിക്കാന്‍ പോലിസ് സ്റ്റേഷനു നേരെ ബോംബേറ്

കൂത്തുപറമ്പ്: ആര്‍എസ്എസ് ക്വട്ടേഷന്‍ സംഘത്തെ മോചിപ്പിക്കാന്‍ കൂത്തുപറമ്പ് പോലിസ് സ്റ്റേഷനുനേരെ ബോംബെറിഞ്ഞ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. പിണറായി പഞ്ചായത്തിലെ വെണ്ടുട്ടായി, പുത്തംകണ്ടം മേഖലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിന്റെ തലവന്‍ പുത്തംകണ്ടം പ്രണവ് നിവാസില്‍ പ്രേംജിത്ത് (37), കീഴത്തൂരിലെ കോമത്തുവീട്ടില്‍ ശ്രീനിലേഷ് (24), മാവിലായി ഐവര്‍കുളത്തെ ആര്‍ വി നിവാസില്‍ നിധീഷ് (29) എന്നിവരെ വെള്ളിയാഴ്ച രാത്രി മമ്പറം ടൗണില്‍നിന്ന് കൂത്തുപറമ്പ് പോലിസ് പിടികൂടിയിരുന്നു. സംശയാസ്പദമായ രീതിയില്‍ കറുത്ത സ്‌കോര്‍പിയോ കാര്‍ മമ്പറത്തും പരിസരത്തും കറങ്ങിനടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാന ത്തില്‍ എസ്‌ഐ നിഷിത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആര്‍എസ്എസ് വിട്ട പുത്തംകണ്ടത്തെ പ്രജീഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണിവര്‍. കൂടാതെ, കൂത്തുപറമ്പ്, കതിരൂര്‍, ചക്കരക്കല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇവര്‍ക്കെതിരേ നിരവധി കേസുകളുണ്ട്. പ്രതികളെ സ്റ്റേഷനിലെത്തിച്ചപ്പോള്‍ ആര്‍എസ്എസ്, ബിജെപി നേതാക്കളും പ്രവര്‍ത്തകരും എത്തിയിരുന്നു. നേതാക്കള്‍ എസ്‌ഐ യുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് ക്വാര്‍ട്ടേഴ്‌സിന് സമീപം ബോംബേറുണ്ടായത്. വധശ്രമക്കേസില്‍ അറസ്റ്റിലായ മൂന്നുപേരെയും കോടതി റിമാന്‍ഡ് ചെയ്തു. ബോംബെറില്‍ പോലിസ് കേസെടുത്തു. പ്രതികള്‍ ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it