ക്വട്ടേഷന്‍ നല്‍കിയതു മട്ടന്നൂരിലെ സിപിഎം നേതാവ്

കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ നിര്‍ണായക മൊഴി പുറത്ത്. മട്ടന്നൂരിലെ ഒരു സിപിഎം നേതാവാണ് ആകാശ് തില്ലങ്കേരിക്കു ശുഹൈബിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണു സൂചന. എന്നാല്‍, ഈ നേതാവിനെക്കുറിച്ചും കൃത്യത്തിന്റെ രൂപരേഖ തയ്യാറാക്കിയ ആളെക്കുറിച്ചും പോലിസിന് മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പ്രതികള്‍ നല്‍കിയ പരസ്പര വിരുദ്ധമായ മൊഴികള്‍ അന്വേഷണ സംഘത്തെ കുഴക്കുകയാണ്.
കഴിഞ്ഞദിവസം അറസ്റ്റിലായ രണ്ടു പേരെ ചോദ്യംചെയ്തതില്‍ നിന്നാണു പ്രാദേശികമായ ആസൂത്രണത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ചത്. അതേസമയം, കൊലയാളി സംഘത്തെ തിരഞ്ഞെടുത്തതും പദ്ധതി ആസൂത്രണം ചെയ്തതും ആകാശാണെന്നു വിവരം ലഭിച്ചു. തില്ലങ്കേരിയിലെ സജീവ പാര്‍ട്ടി പ്രവര്‍ത്തകരായ രജിന്‍രാജ്, ജിതിന്‍ എന്ന ചാത്തു, ദീപു എന്ന ദീപ്ചന്ദ് എന്നിവരെ ഒപ്പം കൂട്ടി. ഇതില്‍ കൃത്യത്തിനിടെ നിസ്സാര പരിക്കേറ്റ ദീപു ഒളിവിലാണെന്നാണ് ഭാഷ്യം. വാഹനമെത്തിക്കാനുള്ള ചുമതല കെ അഖിലിനായിരുന്നു. പാപ്പിനിശ്ശേരി അരോളിയിലെ പ്രശോഭ് എന്ന റെന്റ് എ കാര്‍ ബിസിനസുകാരനില്‍ നിന്ന് വാഹനം വാടകയ്‌ക്കെടുത്ത് അഖില്‍ പ്രദേശവാസിയായ അസ്‌കറിന് നല്‍കി. കൊലയാളി സംഘത്തിനു ശുഹൈബിനെ ചൂണ്ടിക്കാട്ടിയതും വാഹനം ഓടിച്ചതും അസ്‌കറാണ്. ജിതിനാണ് ആക്രമണത്തിനു മുമ്പ് ബോംബെറിഞ്ഞത്. ശുഹൈബിനെ 12 വെട്ട് വെട്ടിയതു താനാണെന്ന് ആകാശ് സമ്മതിച്ചിട്ടുണ്ട്. കൊലയാളി സംഘത്തിലെ രണ്ടു പേര്‍ക്ക് ഒളിവില്‍ താമസിക്കാനുളള സൗകര്യം ഏര്‍പ്പെടുത്തിയത് എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജിന്റെ സഹോദരന്‍ അന്‍വര്‍ സാദത്താണെന്നും മൊഴി ലഭിച്ചു.
Next Story

RELATED STORIES

Share it