thrissur local

ക്ലോറിന്‍ വാതക ചോര്‍ച്ച : വാട്ടര്‍ അതോറിറ്റിയുടെ ഉദാസീനത നാടിനെ അപകടക്കെണിയിലാക്കുകയാണെന്ന്



ചാലക്കുടി: വാട്ടര്‍ അതോറിറ്റിയുടെ ഉദാസീനത നാടിനെ അപകട കെണിയിലാക്കുകയാണെന്ന് പ്രദേശവാസികള്‍. മണ്ടികുന്ന് വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല വിതരണ ടാങ്ക് പരിസരത്താണ് അപകടകെണിയൊരുക്കുന്ന തരത്തില്‍ വാതക സിലിണ്ടറുകള്‍ അലക്ഷമായി ഇട്ടിരിക്കുന്നത്. ഈ സിലിണ്ടറില്‍ നിന്നും വാതകം ചോരുന്നുണ്ടെന്ന വിവരം മാസങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവെന്നും പറയുന്നു. എന്നിട്ടും വേണ്ട നടപടികളൊന്നും ചെയ്തില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇവിടെ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകള്‍ പാമ്പുകളുടെ താവളമാവുകയാണ്. അറ്റകുറ്റ പണികള്‍ നടത്താത്തതിനെ തുടര്‍ന്ന് വാട്ടര്‍ ടാങ്ക് ജീര്‍ണാവസ്ഥയിലാണ്. കോണ്‍ക്രീറ്റെല്ലാം പലയിടത്തും അടര്‍ന്ന് വീണ് കമ്പികളെല്ലാം പുറത്തായ അവസ്ഥയിലാണ്. ജനങ്ങളുടെ ജീവന് ഭീതിയുയര്‍ത്തുന്ന ടാങ്കിന്റെ അറ്റകുറ്റ പണികളെല്ലാം ഉടന്‍ നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്. അതേസമയം ചൊവ്വാഴ്ച മണ്ടികുന്നിലെ ക്ലോറിന്‍ വാതക ചോര്‍ച്ചയുമായി ബന്ധപ്പെട്ട സംഭവത്തില്‍ വന്‍ ദുരന്തം വഴി മാറിയത് ഫയര്‍ഫോഴ്‌സിന്റേയും നാട്ടുകാരുടേയും അവസരോചിതമായ ഇടപെടല്‍ മൂലമാണ്. മണ്ടികുന്നിലെ വാട്ടര്‍ ടാങ്കിന് സമീപം സൂക്ഷിച്ചിരുന്ന ക്ലോറിന്‍ സിലിണ്ടറില്‍ നിന്നും വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടാകുമായിരുന്ന ദുരന്തം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വഴിമാറിയത്. ചൊവ്വാഴ്ച ാവിലെ പത്തോടെയായിരുന്നു വാതകം ചോര്‍ന്ന് പരിസരമാകെ മലിനമായത്. വിവരമറിഞ്ഞെത്തിയ ചാലക്കുടി-അങ്കമാലി ഫയര്‍ഫോഴ്‌സംഗങ്ങള്‍ ജീവന്‍ പണയം വച്ചാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ചത്. സമീപത്തെ വീടുകളിലുണ്ടായിരുന്നവരെ മാറ്റുകയായിരുന്നു അവര്‍ ആദ്യം ചെയ്തത്. തുടര്‍ന്ന് പമ്പ് ഹൗസിനടുത്തേക്ക് സിലിണ്ടര്‍ മാറ്റാനായെത്തിയെങ്കിലും ഫയര്‍ഫോഴ്‌സംഗങ്ങളിലെ പലരും കുഴഞ്ഞ് വീണു. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഒമ്പത് പേരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ഓക്‌സിജിന്‍ സിലിണ്ടറുമായി ജീവന്‍ പണയംവച്ചാണ് മൂന്ന് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ സിലിണ്ടര്‍ കിടന്നിരുന്ന സേഫ്റ്റി റൂമിലെത്തിയത്. അതിസാഹസികമായി ഇവര്‍ ചോര്‍ച്ചയുള്ള സിലിണ്ടര്‍ വാട്ടര്‍ ടാങ്കിലേക്കെറിഞ്ഞ് നിര്‍വീര്യമാക്കി. ഏറെ നേരത്തിന് ശേഷമാണ് പ്രദേശം സാധാരണ നിലയിലായത്. ഇവിയേക്കുള്ള റോഡ് ഇടുങ്ങിയതായതിനാല്‍ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് എത്തിപെടാനും ബുദ്ധിമുട്ടുണ്ടാക്കി.
Next Story

RELATED STORIES

Share it