'ക്ലോക്ക് ബോംബ്' നിര്‍മിച്ച അഹ്മദിന് വൈറ്റ്ഹൗസില്‍ ഹൃദ്യമായ വരവേല്‍പ്പ്

വാഷിങ്ടണ്‍: സ്വന്തമായി നിര്‍മിച്ച ക്ലോക്ക് സ്‌കൂളില്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് അറസ്റ്റ് വരിക്കേണ്ടി വന്ന അഹ്മദ് മുഹമ്മദ് പ്രസിഡന്റ് ബറാക് ഒബാമയെ സന്ദര്‍ശിച്ചു.
തിങ്കളാഴ്ച രാത്രി വൈറ്റ്ഹൗസില്‍ നടന്ന ജ്യോതിശാസ്ത്ര പരിപാടിക്കെത്തിയപ്പോഴാണ് അഹ്മദ് മുഹമ്മദ് ബറാക് ഒബാമയെ കണ്ടത്. സഹപാഠികള്‍, അധ്യാപകര്‍, ശാസ്ത്രജ്ഞര്‍, ബഹിരാകാശയാത്രികര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം. എന്നാല്‍, തന്നെ താരമാക്കിയ ക്ലോക്കില്ലാതെയായിരുന്നു അഹ്മദ് മുഹമ്മദിന്റെ വൈറ്റ്ഹൗസ് സന്ദര്‍ശനം.
യുവാക്കളുടെ ശാസ്ത്രപരീക്ഷണങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി എല്ലാ വര്‍ഷവും വൈറ്റ്ഹൗസില്‍ നടത്താറുള്ള ജ്യോതിശാസ്ത്ര നിശയിലാണ് ഒബാമയെ കാണാന്‍ അഹ്മദ് മുഹമ്മദ് എത്തിയത്. സദസ്സിന്റെ മൂന്നാംവരിയില്‍ ഇരുന്ന അഹ്മദ് മുഹമ്മദിന് പ്രസിഡന്റ് ഹസ്തദാനം നല്‍കി. കഴിഞ്ഞ മാസമാണ് 11കാരനായ അഹ്മദിന് ദുരനുഭവമുണ്ടായത്. അധ്യാപകന്റെ പ്രീതി പിടിച്ചുപറ്റാനാണ് സ്വയമുണ്ടാക്കിയ ക്ലോക്കുമായി അഹ്മദ് സ്‌കൂളിലെത്തിയത്.
ക്ലോക്കിന്റെ ബാറ്ററിയും വയറുകളും കണ്ട് ബോംബാണെന്നു തെറ്റിദ്ധരിച്ച അധ്യാപകര്‍ 14കാരനായ അഹ്മദ് മുഹമ്മദിനെ പോലിസിനു കൈമാറുകയായിരുന്നു. ക്ലോക്ക് പരിശോധിക്കുകപോലും ചെയ്യാതെ അഹ്മദിനെ കൈയാമം വച്ച് സ്‌കൂളില്‍ നിന്നു കൊണ്ടുപോയ ടെക്‌സസ് പോലിസ് നടപടി വന്‍ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതരും പോലിസും തുടര്‍നടപടികള്‍ ഉപേക്ഷിച്ച് അഹ്മദിനോട് ക്ഷമാപണം നടത്തിയിരുന്നു.
അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതോടെ പ്രസിഡന്റ് ബറാക് ഒബാമ, ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ്, ഹിലാരി ക്ലിന്റന്‍ എന്നിവരടക്കം ഒട്ടേറെ പ്രമുഖരും അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയും അഹ്മദിന് പിന്തുണയുമായി എത്തിയിരുന്നു.
യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Next Story

RELATED STORIES

Share it