malappuram local

ക്ലീന്‍ കനോലി പദ്ധതി നടപ്പാക്കാന്‍ ഉന്നതതല യോഗത്തില്‍ ധാരണ



പൊന്നാനി: പൊന്നാനി നഗരസഭയുടെ ക്ലീന്‍ കനോലി പദ്ധതി നടപ്പാക്കാന്‍ ഉന്നതതല യോഗത്തില്‍  ധാരണയായി. ഗുരുവായൂര്‍ - പൊന്നാനി മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന കനോലി കനാലിന്റെ സംരക്ഷണത്തിനും, ശുചിത്വപൂര്‍വം നിലനിര്‍ത്തുന്നതിനുമായാണ്  ക്ലീന്‍ കനോലി കനാല്‍ പദ്ധതി നടപ്പാക്കാന്‍ ധാരണയായത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ചേമ്പറില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേര്‍ന്നു. ഇറിഗേഷന്‍, തദ്ദേശസ്വയംഭരണ വകുപ്പ് ,കോസ്റ്റ് ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍, കേരള ശുചിത്വമിഷന്‍ , ഹരിത കേരള മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ കനോലി കനാലിനെ വീണ്ടെടുക്കാന്‍ സമഗ്ര പദ്ധതി തയ്യാറാക്കും. സിഎസ്‌ഐഎന്നിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്ര പദ്ധതി തയ്യാറാക്കാന്‍ ധാരണയായി. കനാല്‍ കടന്നു പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ ഫണ്ടുകള്‍, മറ്റ് വകുപ്പുകളുടെ ഫണ്ടുകള്‍ എന്നിവ ഏകോപിപ്പിച്ച് കൊണ്ടായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി രണ്ട് മണ്ഡലങ്ങളിലെയും കനാല്‍ കടന്ന് പോകുന്ന തദ്ദേശ സ്വയംഭരണ അധ്യക്ഷന്‍മാരുടെയും, സെക്രട്ടറിമാരുടെയും യോഗം ജൂണ്‍ ഒന്നിന് വിളിച്ചു ചേര്‍ക്കും. തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ഗുരുവായൂര്‍ എംഎല്‍എ കെ വി അബ്ദുല്‍ ഖാദര്‍, ഹരിത കേരള മിഷന്‍ ഉപാധ്യക്ഷ ടി എന്‍ സീമ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസ്, ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിശ്വാള്‍, ഇന്‍ലാന്റ് നാവിഗേഷന്‍ ഡയറക്ടര്‍ സുരേഷ് കുമാര്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍ സി വി ജോയ്, ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ കെ ജോഷി, സ്പീക്കറുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സബ് ന സൈനുദ്ദീന്‍, സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ടി ജമാലുദ്ദീന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it