malappuram local

ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് പോലിസുദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയെന്ന്

കുറ്റിപ്പുറം: പുതിയ കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി കുറ്റിപ്പുറം പോലിസ് സ്‌റ്റേഷനിലെ പോലിസുകാരന്‍ 2000 രൂപ കൈക്കൂലി വാങ്ങിയതായി പരാതി. തവനൂര്‍ കടകശ്ശേരി സ്വദേശിയാണ് ഇത് സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസിനു പരാതി നല്‍കിയിട്ടുള്ളത്്. ഇയാള്‍ വാങ്ങിയ പുതിയ കാര്‍ പൊന്നാനി ആര്‍ടി ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിന് ഇദ്ദേഹത്തിന്റെ സ്റ്റേഷന്‍ പരിധിയായ കുറ്റിപ്പുറം പോലിസ് സ്‌റ്റേഷനില്‍ നിന്നും ഈ വാഹനം യാതൊരു വിധ അപകടത്തിലും പെട്ടിട്ടില്ലെന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആര്‍ടിഒ ആവശ്യപ്പെടുകയായിരുന്നു.
ഇതേ തുടര്‍ന്ന് ഇയാള്‍ കുറ്റിപ്പുറം സ്റ്റേഷനിലെ എസ്‌ഐയെ സമീപിച്ചപ്പോള്‍ ജോലി തിരക്കു മൂലം പിന്നീട് വരാന്‍ പറയുകയായിരുന്നു. സ്റ്റേഷനില്‍ നിന്നും എസ്‌ഐ പുറത്ത് പോയപ്പോള്‍ സ്‌റ്റേഷനിലെ മറ്റൊരു പോലിസുകാരന്‍ ഇയാളെ സമീപിച്ച് എന്താണാവശ്യമെന്ന് അന്വേഷിച്ചു. വിവരം പറഞ്ഞപ്പോള്‍ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിത്തരാമെന്നും അതിനായി ചിലവ് വരുമെന്നും പറഞ്ഞു.
അപ്പോള്‍ ഇദ്ദേഹം 500 രൂപ കൊടുത്തെങ്കിലും അത് വാങ്ങാന്‍ പോലിസുകാരന്‍ തയ്യാറായില്ല. ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ നടന്നു വരികയാണെന്നും വലിയ രീതിയില്‍ പണം ചിലവുണ്ടെന്നും പറഞ്ഞ് 2000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം ഇയാള്‍ 2000 രൂപ നല്‍കി ഇതേ തുടര്‍ന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പോലിസുകാരന്‍ നല്‍കുകയും ചെയ്തു. ഇത് സംബന്ധിച്ച പരാതിയാണു സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസിന് നല്‍കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it