kozhikode local

ക്ലാസ് മുറിയില്‍ സ്‌ഫോടനം; ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി

നാദാപുരം: പുളിയാവ് നാഷണല്‍ കോളജില്‍ ബിരുദ വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങിനിടെ ക്ലാസ് മുറിയില്‍ സ്‌ഫോടക വസ്തുവെറിഞ്ഞ സംഭവത്തില്‍ ബോംബ് സ്‌ക്വാഡ് കോളജില്‍ പരിശോധന നടത്തി.
ബുധനാഴ്ച്ച രാവിലെയാണ് റൂറല്‍ ബോംബ് സ്‌ക്വാഡ് അധികൃതര്‍ കോളജിലെത്തി സ്‌ഫോടനം നടന്ന മുറിയില്‍ പരിശോധന നടത്തിയത്. സ്‌ഫോടന സ്ഥലത്ത് നിന്ന് ചാക്ക് നൂല്‍, കടലാസ്, കരിങ്കല്ലുകളും പോലിസ് കണ്ടെത്തി.
പടക്കത്തില്‍ നിന്നോ മറ്റോ വെടി മരുന്ന് ശേഖരിച്ച ശേഷം കടലാസില്‍ കരിങ്കല്ലുകള്‍ നിറച്ച് ചാക്ക് നൂല്‍കൊണ്ട് നാടന്‍ ബോംബ് രൂപത്തില്‍ നിര്‍മിച്ച് സ്‌ഫോടനം നടത്തുകയാണ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷം മൂന്നര മണിയോടെ ബികോം, ബിബിഎ വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങ് നടക്കുന്ന ഹാളിലാണ് സ്‌ഫോടനം ഉണ്ടായത്.
കോളജില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ പ്ലാസ്റ്റിക് കവറുകള്‍കൊണ്ട് മറച്ച ശേഷമാണ് ക്ലാസ് മുറിയില്‍ സ്‌ഫോടനം നടത്തിയത്.
പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും ഇയാളെ കണ്ടെത്തിയാല്‍ കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികളെ കണ്ടെത്താന്‍ കഴിയുമെന്നും വളയം എസ്‌ഐ പി എല്‍ ബിനുലാല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it