malappuram local

ക്ലാസുകള്‍ ആരംഭിച്ചിട്ട് രണ്ടാഴ്ച : ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം അനിശ്ചിതത്വത്തില്‍



മലപ്പുറം: സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപക സ്ഥലമാറ്റത്തിന് ഇനിയും നടപടിയായില്ല. പ്ലസ്ടു ക്ലാസ്സുകള്‍ ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും സ്ഥലമാറ്റത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ പോലും ക്ഷണിച്ചിട്ടില്ല. അധ്യാപക സ്ഥലമാറ്റ മാനദണ്ഡങ്ങളിലെ കരട് പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചിരുന്നു. മാനദണ്ഡങ്ങള്‍ അംഗീകരിച്ച് അവസാന ഉത്തരവ് പുറത്തിറക്കി ഏപ്രില്‍ മാസത്തില്‍ അപേക്ഷക്ഷണിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. മെയ് മാസത്തോടെ താല്‍ക്കാലിക ലിസ്റ്റും സ്‌കൂള്‍ തുറക്കുന്നതിനുമുമ്പ് സ്ഥലമാറ്റ ഉത്തരവും പുറത്തിറക്കുമെന്ന് അധ്യാപക സംഘടനകള്‍ക്കു നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടേയും ഹെഡ്മാസ്റ്റര്‍മാരുടെയും സ്ഥലമാറ്റ-സ്ഥാനകയറ്റ ഉത്തരവുകള്‍ ഇറങ്ങി ദിവസങ്ങളായിട്ടും ഹയര്‍സെക്കന്‍ഡറിയില്‍ ഇതിനുള്ള പ്രാരംഭ നടപടികള്‍ പോലും തുടങ്ങിയിട്ടില്ല. വര്‍ഷങ്ങളായി സ്വന്തം നാട്ടിലേക്ക് സ്ഥലമാറ്റം പ്രതീക്ഷിച്ചിരിക്കുന്ന ആയിരകണക്കിന് അധ്യാപകരെയാണ് ഈ അനാസ്ഥ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. കൂടാതെ സംസ്ഥാനത്തെ ഇരുന്നൂറിലധികം സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. പ്ലസ്‌വണ്‍ പ്രവേശനം, സേ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, സ്‌കൂളുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി ഉത്തരവാദപ്പെട്ട ജോലികള്‍ നിര്‍വഹിക്കേണ്ട സമയമായിട്ടുപോലും പ്രിന്‍സിപ്പല്‍ നിയമനം അനിശ്ചിതമായി നീളുകയാണ്. വിദ്യാര്‍ഥികളുടെ അധ്യയനത്തെ ദോഷകരമായി ബാധിക്കാത്ത തരത്തില്‍ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ പരാതികളില്ലാതെ അധ്യാപകരുടേയും പ്രിന്‍സിപ്പല്‍മാരുടേയും സ്ഥലമാറ്റ-സ്ഥാനകയറ്റ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് ഹയര്‍സെക്കന്‍ഡറി അധ്യാപക സംഘടനകളുടെ ആവശ്യമാണ് അവഗണിക്കപ്പെട്ടിരിക്കുന്നത്. അധ്യാപക സ്ഥലമാറ്റത്തിലെ അനിശ്ചിതാവസ്ഥ അവസാനിപ്പിച്ച് നടപടികള്‍ വേഗത്തിലാക്കണമെന്നും, പ്രിന്‍സിപ്പല്‍ നിയമനം അടിയന്തരമായി നടത്തണമെന്നും ഡിപ്പാര്‍ട്ട്‌മെന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാറിനോടാവശ്യപ്പെട്ടു. എം രാധാകൃഷ്ണന്‍, ഡോ.സാബുജി വര്‍ഗീസ്, ആര്‍ രാജീവന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it