ക്ലാസിക്കുകളുടെ ക്ലാസിക് ഇന്ന്

ബ്യൂനസ് ഐറിസ്: ലോക ഫുട്‌ബോളിലെ ക്ലാസിക്കുകളുടെ ക്ലാസിക് എന്നു വിശേഷിപ്പിക്കപ്പെടുന്ന അര്‍ജന്റീന-ബ്രസീല്‍ സൂപ്പര്‍ പോരാട്ടം ഇന്ന്. 2018ലെ ലോകകപ്പിനുള്ള ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടിലാണ് കാണികള്‍ കാണാന്‍ ആഗ്രഹിക്കുന്ന കിടിലന്‍ ത്രില്ലര്‍. എന്നാല്‍ മുന്‍ ലോക ഫുട്‌ബോളറും അര്‍ജന്റീനയുടെ സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിയും ബ്രസീല്‍ സ്റ്റാര്‍ നെയ്മറും തമ്മിലുള്ള കൊ മ്പുകോര്‍ക്കലിന് കാത്തിരുന്ന ആരാധകര്‍ക്ക് ഇന്നു നിരാശരാവേണ്ടിവരും. പരിക്കു ഭേദമാവാത്തതിനാല്‍ മെസ്സി കളിക്കില്ല.
മെസ്സിയെക്കൂടാതെ കാര്‍ലോസ് ടെവസ്, സെര്‍ജിയോ അഗ്വേറോ, പാബ്ലോ സബലേറ്റ, എസെക്വില്‍ ഗരേയ് എന്നിവരുടെയും സേവനം അര്‍ജന്റീനയ്ക്കു ലഭിക്കില്ല. പരിക്കു തന്നെയാണ് ഇവരെയെല്ലാം പുറത്തിരുത്തിയത്. അതേസമയം, നെയ്മറടക്കമുള്ള പ്രമുഖ താരങ്ങളുമായി ബ്രസീല്‍ ആത്മവിശ്വാസത്തോടെയാണ് ബ്യൂനസ് ഐറിസിലെത്തുന്നത്. മുന്‍ ലോക ഫുട്‌ബോളര്‍ കക്കയുടെ സാന്നിധ്യവും മഞ്ഞപ്പടയ്ക്ക് ആഹ്ലാദമേകുന്നുണ്ട്.
ഇന്നത്തെ മറ്റു മല്‍സരങ്ങളി ല്‍ ചിലി കൊളംബിയയെയും വെനിസ്വേല ബൊളീവിയയെയും ഉറുഗ്വേ ഇക്വഡോറിനെയും പരാഗ്വേ പെറുവിനെയും നേരിടും. കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച ഉറുഗ്വേ, ഇക്വഡോ ര്‍, ചിലി എന്നിവരാണ് പോയിന്റ് പട്ടികയില്‍ മുന്നിട്ടുനില്‍ക്കുന്നത്.
അര്‍ജന്റീനയ്ക്ക് ജയം അനിവാര്യം
ബ്രസീലിനേക്കാളുപരി ഇന്നത്തെ മല്‍സരം അര്‍ജന്റീനയ്ക്കാണ് ഏറെ നിര്‍ണായകം. യോഗ്യതാറൗണ്ടിലെ രണ്ടു മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു സമനിലയോടെ ഒരു പോയി ന്റ് മാത്രമുള്ള അര്‍ജന്റീന ഏഴാംസ്ഥാനത്താ ണ്. ആദ്യ കളിയില്‍ ഇക്വഡോറിനോട് 0-2ന്റെ അട്ടിമറിത്തോല്‍വിയേറ്റുവാങ്ങിയ അര്‍ജന്റീന രണ്ടാമത്തെ മല്‍സരത്തില്‍ പരാഗ്വേയുമായി ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു.
നിലവിലെ ലോകകപ്പ് റണ്ണറപ്പ് കൂടിയായ അര്‍ജന്റീനയുടെ മോശം പ്രകടനത്തിന്റെ പ്രധാന കാരണം മെസ്സിയുടെ അഭാവമാണെന്നാണ് വിലയിരുത്തല്‍. ടീമിനെ പ്രചോദിപ്പിക്കാന്‍ മെസ്സിയെപ്പോലൊരു താരം തങ്ങള്‍ക്കില്ലെന്ന് അര്‍ജന്റീനയ്ക്ക് കഴിഞ്ഞ രണ്ടു കളികളിലും ബോധ്യമായിട്ടുണ്ട്. ഇന്ന് മെസ്സിയെക്കുടാതെ ടെവസ്, അഗ്വേറോ തുടങ്ങിയ സൂപ്പര്‍ താരങ്ങളും പുറത്തായതോടെ അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. പ്രമുഖ താരങ്ങളില്ലാത്തതും എതിരാളികള്‍ തങ്ങളുടെ ബദ്ധവൈരികളായ ബ്രസീലാണെന്നതും അര്‍ജന്റീനയുടെ സമ്മര്‍ദ്ദം ഇരട്ടിയാക്കും. മല്‍സരം സ്വന്തം കാണികള്‍ക്കു മുന്നിലാണെന്നത് മാത്രമാണ് അര്‍ജന്റീനയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്ന ഘടകം.
മെസ്സി, ടെവസ്, അഗ്വേറോ എന്നിവരുടെ അഭാവത്തില്‍ ഗോണ്‍സാലോ ഹിഗ്വയ്‌നായിരിക്കും അര്‍ജന്റീനയുടെ മുന്നേറ്റത്തിന് നേതൃത്വം നല്‍കുക. ഹിഗ്വയ്‌നു തൊട്ടു പിന്നി ല്‍ എയ്ഞ്ചല്‍ ഡി മരിയ, എയ്ഞ്ചല്‍ കൊറിയ, എവര്‍ ബനേഗ എന്നിവരെ അണിനിരത്താനാണ് സാധ്യത. നിക്കോളാസ് ഗെയ്റ്റാന്‍, പൗലോ ദിബാല, എസെക്വില്‍ ലവേസ്സി എന്നിവര്‍ക്ക് ആദ്യ ഇലവനില്‍ ഇടം ലഭിക്കുമോയെന്ന കാര്യം സംശയമാണ്.
നെയ്മര്‍ ഷോ പ്രതീക്ഷിച്ച് ബ്രസീല്‍
വിലക്കിനെത്തുടര്‍ന്ന് ലോകകപ്പ് യോഗ്യതാറൗണ്ടിലെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും കളിക്കാതിരുന്ന സൂപ്പര്‍ താരം നെയ്മറുടെ തിരിച്ചുവരവോടെ ബ്രസീല്‍ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്.
യോഗ്യതാറൗണ്ടില്‍ ആദ്യ കളിയില്‍ ചിലിയോട് 0-2നു തോറ്റ മഞ്ഞപ്പട കഴിഞ്ഞ മല്‍സരത്തില്‍ വെനിസ്വേലയെ 3-1ന് തകര്‍ത്ത് വിജയവഴിയില്‍ മടങ്ങിയെത്തുകയായിരുന്നു. മൂന്നു പോയിന്റുമായി യോഗ്യതാറൗണ്ടില്‍ അഞ്ചാമതാണ് ബ്രസീല്‍. നെയ്മര്‍ ഉജ്ജ്വല ഫോം ഇന്നും തുടര്‍ന്നാല്‍ ബ്രസീലിനു ജയം എളുപ്പമാവും. ബാഴ്‌സലോണയ്ക്കുവേണ്ടി കഴിഞ്ഞ ഏഴു കളികളില്‍ നിന്ന് 10 ഗോളുകളാണ് സ്‌ട്രൈക്കര്‍ വാരിക്കൂട്ടിയത്.
Next Story

RELATED STORIES

Share it