ക്ലാറ്റ് പരീക്ഷയിലെ സാങ്കേതിക തകരാര്‍അധിക മാര്‍ക്ക് നല്‍കണം; പുനപ്പരീക്ഷയില്ല

ന്യൂഡല്‍ഹി:  മെയ് 13ന് നടന്ന ക്ലാറ്റ് (കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്) പരീക്ഷയില്‍ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് സമയം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം സമാശ്വാസ മാര്‍ക്ക് നല്‍കണമെന്നു സുപ്രിംകോടതി.
ഓണ്‍ലൈനായി നടത്തിയ പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാങ്കേതിക തകരാര്‍ കാരണം വേണ്ടത്ര സമയം ലഭിച്ചില്ലെന്നു കാണിച്ച് 4000ഓളം വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ 400ഓളം വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരമെന്ന നിലയില്‍ അധിക മാര്‍ക്ക് ലഭിക്കാനുള്ള യോഗ്യതയുള്ളതായി കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ യു യു ലളിത്, ദീപക് ഗുപ്ത എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് പരാതികള്‍ പരിഗണിച്ചത്. ഈ വര്‍ഷത്തെ ക്ലാറ്റ് പരീക്ഷ റദ്ദാക്കി പുനപ്പരീക്ഷ നടത്തണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. എന്നാല്‍, പരീക്ഷ റദ്ദാക്കേണ്ടെന്നും പുനപ്പരീക്ഷ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
സ്വകാര്യ കമ്പനിയായ സിഫി ടെക്‌നോളജീസിന്റെ സഹായത്തോടെ കൊച്ചിയിലെ നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്) ആണ് പരീക്ഷ നടത്തിയത്.
15 മിനിറ്റോളം സമയം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് നഷ്ടപ്പെട്ടതായി പരാതിക്കാരായ വിദ്യാര്‍ഥികള്‍ അറിയിച്ചു. പരീക്ഷയില്‍ വലിയ ക്രമക്കേട് നടന്നതായി വിവിധ കോടതികള്‍ക്ക് മുമ്പാകെ പരാതികളെത്തിയിരുന്നു.
ഡല്‍ഹി, മധ്യപ്രദേശ്, ബോംബെ, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ ഹൈക്കോടതികളിലാണ് പരാതികളെത്തിയത്. ലഭിച്ച മാര്‍ക്കിന് ആനുപാതികമായി 15 മിനിറ്റില്‍ ഉത്തരം എഴുതേണ്ടിയിരുന്ന ചോദ്യങ്ങള്‍ കണക്കാക്കിയാണ് വിദ്യാര്‍ഥികള്‍ക്ക് അധിക മാര്‍ക്ക് നല്‍കുക. ഇതിനായി കോടതി നുവാല്‍സിന് നിര്‍ദേശം നല്‍കി. അധിക മാര്‍ക്ക് നല്‍കിയ പുതുക്കിയ മാര്‍ക്ക് ലിസ്റ്റ് ശനിയാഴ്ചയ്ക്കു മുമ്പ് പുറത്തുവിടണമെന്നും കോടതി നിര്‍ദേശിച്ചു.
ക്ലാറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആദ്യഘട്ട കൗണ്‍സലിങ് ആരംഭിച്ചിരുന്നു. എന്നാല്‍, കൗണ്‍സലിങ് നടപടികളെ മാര്‍ക്ക് ലിസ്റ്റ് പുതുക്കുന്നത് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
കൗണ്‍സലിങ്ങിന്റെ തുടര്‍ഘട്ടങ്ങളിലാണ് പുതുക്കിയ മാര്‍ക്ക് ലിസ്റ്റിലുള്‍പ്പെട്ട വിദ്യാര്‍ഥികളെ പരിഗണിക്കുക. രാജ്യത്തെ പ്രമുഖ ലോ കോളജുകളിലേക്ക് ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനത്തിനാണ് ക്ലാറ്റ് നടത്തുന്നത്. വൈദ്യുതി മുടങ്ങിയതും ലോഗിന്‍ ചെയ്യാന്‍ കഴിയാതെ സമയം നഷ്ടപ്പെട്ടതുമടക്കമുള്ള പ്രശ്‌നങ്ങള്‍ നേരിട്ടതായി വിദ്യാര്‍ഥികള്‍ പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it