Flash News

ക്ലസ്റ്റര്‍ ബോംബ് നിര്‍മാതാക്കള്‍ക്ക് ലോണ്‍ അനുവദിച്ചതില്‍ തെറ്റില്ലെന്ന് എസ്.ബി.ഐ

ന്യൂഡല്‍ഹി : ക്ലസ്റ്റര്‍ ബോംബ് നിര്‍മാണവുമായി ബന്ധമുള്ള കമ്പനിക്ക് വായ്പ് അനുവദിച്ചതില്‍ തെറ്റൊന്നുമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.നിരോധിക്കപ്പെട്ട ആയുധങ്ങളുടെയും ആണവായുധങ്ങളുടെയും പ്രയോഗത്തിനെതിരെ പ്രവര്‍ത്തിച്ചുവരുന്ന ഡച്ച് സംഘടനയായ പാക്‌സ് , ക്ലസ്റ്റര്‍ ബോംബുകളുടെ നിര്‍മാണവുമായി ബന്ധമുള്ള ഓര്‍ബിറ്റല്‍ എടികെ എന്ന കമ്പനിയ്ക്ക് വായ്പ അനുവദിച്ചതിന്റെ പേരില്‍ എസ് ബി ഐയെ നാണംകെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
118 രാഷ്ട്രങ്ങള്‍ ഒപ്പു വെച്ച 2010ലെ കരാറനുസരിച്ച് നിരോധിക്കപ്പെട്ടവയാണ് ക്ലസ്റ്റര്‍ ബോംബുകള്‍. ഒരൊറ്റബോംബിനുള്ളില്‍ നിറച്ചുവെച്ച നൂറുണക്കിന് ബോംബുകള്‍ ഒന്നായി പൊട്ടിച്ചിതറി വ്യാപകമായ നാശനഷ്ടമുണ്ടാക്കുകയാണ് ക്ലസ്റ്റര്‍ ബോംബുകളുടെ രീതി. ബാങ്ക് ഓഫ് അമേരിക്ക,ബര്‍ക്ലേസ് തുടങ്ങിയ വന്‍കിടക്കാരുള്‍പ്പടെ 158 ധനകാര്യസ്ഥാപനങ്ങളെയാണ് നിരോധിത ആയുധങ്ങളുടെ നിര്‍മാതാക്കള്‍ക്ക് ധനസഹായം നല്‍കിയതിന്റെ പേരില്‍ പാക്‌സ് നാണം കെടുത്തിയത്. പട്ടികയിലുള്ള ഏക ഇന്ത്യന്‍ സ്ഥാപനമാണ് എസ് ബി ഐ. മറ്റു ബാങ്കുകളുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഓര്‍ബിറ്റല്‍ എടികെയ്ക്ക് വായ്പ അനുവദിച്ചതെന്നും ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നുമാണ് എസ്ബിഐയുടെ വിശദീകരണം. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് ഇന്ത്യയില്‍ നിയമതടസമൊന്നുമില്ലെന്നും ബാങ്ക് അധികൃതര്‍ തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ വാദിക്കുന്നു.
യു എസ് ആസ്ഥാനമായുള്ള ഓര്‍ബിറ്റല്‍ എടികെ ലോകത്തിലെ ഏറ്റവും വലിയ ആയുധനിര്‍മാതാക്കളിലൊന്നാണ്. ചെറുകിട റോക്കറ്റുകളും ഇലക്ട്രോണിക് യുദ്ധരീതികള്‍ക്ക് ആവശ്യമായ കൃത്യതാ സംവിധാനങ്ങളുമൊക്കെ നിര്‍മിക്കുന്ന കമ്പനി ക്ലസ്റ്റര്‍ ബോംബുകളുടെ നിര്‍മാണത്തിലും ഏര്‍പ്പെടുന്നതായാണ് പാക്‌സിന്റെ നിലപാട്. 2012 ന് ശേഷം 87 മില്യണ്‍ ഡോളറാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് എസ്ബിഐ വായ്പ നല്‍കിയിട്ടുള്ളതെന്നും പാക്‌സ് ആരോപിക്കുന്നു.
Next Story

RELATED STORIES

Share it