ക്രൈമിയ: താതാര്‍ സ്വയംഭരണ സംവിധാനം മജ്‌ലിസ് റഷ്യന്‍ കോടതി നിരോധിച്ചു

മോസ്‌കോ: ക്രൈമിയയിലെ താതാര്‍ സമുദായത്തില്‍പ്പെട്ടവരുടെ സ്വയംഭരണ സംവിധാനമായ മജ്‌ലിസ് റഷ്യന്‍ കോടതി നിരോധിച്ചു. മജ്‌ലിസ് തീവ്രവാദ സംഘടനയാണെന്നും റഷ്യന്‍ നിയന്ത്രണത്തിലുള്ള ക്രൈമിയന്‍ സുപ്രിം കോടതി അഭിപ്രായപ്പെട്ടു. ഉെക്രയ്‌നിന്റെ ഭാഗമായിരുന്ന, റഷ്യയോട് കൂട്ടിച്ചേര്‍ത്ത ക്രൈമിയയിലെ തദ്ദേശീയ വിഭാഗത്തിനെതിരായ നീക്കങ്ങളുടെ ഭാഗമായാണ് കോടതിവിധി വിലയിരുത്തപ്പെടുന്നത്. മജ്‌ലിസ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും ക്രൈമിയയില്‍ ഭരണം നടത്തുന്ന റഷ്യന്‍ അധികൃതര്‍ക്കെതിരേ അട്ടിമറിക്ക് ശ്രമിക്കുന്നുവെന്നും കോടതി വിധിയില്‍ പറയുന്നു. സുപ്രിം കോടതിയുടേത് കുറ്റകരമായ നടപടിയാണെന്ന് വിധിയെക്കുറിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് പെട്രോ പൊരോഷെങ്കോ പ്രതികരിച്ചു.
മനുഷ്യാവകാശ സംഘടനകളും വിധിയെ വിമര്‍ശിച്ചു.ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നശിപ്പിക്കുന്ന നടപടിയാണ് റഷ്യ സ്വീകരിക്കുന്നതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ അഭിപ്രായപ്പെട്ടു. ക്രൈമിയയുടെ ജനസംഖ്യയില്‍ 13 ശതമാനത്തോളമാണ് താതാര്‍ വിഭാഗത്തിന്റെ പ്രാതിനിധ്യം. 2014ല്‍ ക്രൈമിയയെ റഷ്യയിലേക്ക് കൂട്ടിച്ചേര്‍ത്ത തിനെ മജ്‌ലിസ് എതിര്‍ത്തിരുന്നു.
Next Story

RELATED STORIES

Share it