ക്രൈം & ക്രിമിനല്‍ ട്രാക്കിങ് സിസ്റ്റം പ്രവര്‍ത്തനസജ്ജം

തിരുവനന്തപുരം: പോലിസ് സേവനങ്ങള്‍ ഡിജിറ്റലായി ജനങ്ങള്‍ക്കു ലഭ്യമാക്കാനും കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും ഡിജിറ്റല്‍ വിവരശേഖരണത്തിനും രാജ്യത്തെ പോലിസ് സംവിധാനത്തെ ഒറ്റശൃംഖലയിലാക്കാനും ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച 'ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് സിസ്റ്റം' സംസ്ഥാനത്ത് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായി. പോലിസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ പദ്ധതി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായതു സംബന്ധിച്ച പ്രഖ്യാപനം ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍വഹിച്ചു.
രാജ്യത്തെ എല്ലാ പോലിസ് സ്റ്റേഷനുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി ഭാരത സര്‍ക്കാരിന്റെ നാഷനല്‍ ഇ-ഗവേണന്‍സ് പദ്ധതിയിന്‍കീഴില്‍ 2009ല്‍ ആരംഭിച്ച മിഷന്‍ മോഡ് പ്രൊജക്റ്റ് ആണ് ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക്ക് ആന്റ് സിസ്റ്റംസ് (സിസിടിഎന്‍എസ്) പദ്ധതി. പ്രവര്‍ത്തനകേന്ദ്രം കണ്ടെത്തി സജ്ജീകരിക്കല്‍, ആവശ്യമായ ഉപകരണങ്ങള്‍ വിന്യസിക്കല്‍, വിവിധ പോലിസ് ഓഫിസുകളെ ഡിജിറ്റല്‍ ശൃംഖലയിലാക്കല്‍, പരിശീലനം, വിവരങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണവും കൈമാറ്റവും, സോഫ്റ്റ്്‌വെയര്‍ പരിഷ്‌കരണം, 'തുണ' സിറ്റിസണ്‍ പോ ര്‍ട്ടലിന്റെ സജ്ജീകരണം എന്നിവയാണു നടന്നത്. ഇതോടെ സംസ്ഥാനത്തെ 531 പോലിസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 819 പോലിസ് ഓഫിസുകള്‍ ഡിജിറ്റല്‍ ശൃംഖലയിലാക്കിക്കഴിഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പോലിസ് സ്റ്റേഷനുകളെയും ഈ ശൃംഖലയില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. 16 ട്രെയ്‌നിങ് സെന്ററുകളിലായി 21,440 പോലിസ് ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കി. സംസ്ഥാനത്തിന് ആവശ്യമായ രീതിയില്‍ ആപ്ലിക്കേഷന്‍ കസ്റ്റമൈസ് ചെയ്യാനും റിപോര്‍ട്ടുകള്‍ തയ്യാറാക്കാനും സാധിച്ചെന്നതും പദ്ധതിയുടെ സവിശേഷതയാണ്.
പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടി 'ദ ഹാന്‍ഡ് യു നീഡ് ഫോര്‍ അസിസ്റ്റന്‍സ്' (തുണ) എന്ന പൊതുജനസൗഹാര്‍ദ പോര്‍ട്ടല്‍ ഇതിന്റെ ഭാഗമായി പ്രവര്‍ത്തനം ആരംഭിച്ചു. കുറ്റകൃത്യങ്ങള്‍ കംപ്യൂട്ടര്‍ സഹായത്തോടെ കണ്ടെത്തല്‍, മുന്‍കരുതല്‍, തടയല്‍ എന്നിവ സുഗമമാക്കാന്‍ ഇതുവഴി കഴിയും. സിഡാക്, ഐടി മിഷന്‍, ടിസിഎസ്, അക്‌സെന്റ്യൂര്‍, ബിഎസ്എന്‍എല്‍ തുടങ്ങിയ ഏജന്‍സികളുടെ പങ്കാളിത്തത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ എസ്‌സിആര്‍ബി എഡിജിപി ടോമിന്‍ തച്ചങ്കരി സിസിടിഎന്‍എസ് നോഡല്‍ ഓഫിസറായും ഐജി മനോജ് എബ്രഹാം അഡീഷനല്‍ നോഡല്‍ ഓഫിസറായും ഡിഐജി ഷെഫീന്‍ അഹ്മദ് ഡെപ്യൂട്ടി നോഡല്‍ ഓഫിസറായും പ്രവര്‍ത്തിക്കുന്നു.

Next Story

RELATED STORIES

Share it