ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹരജിയില്‍ വിശദീകരണം തേടി

കൊച്ചി: വെടിയുണ്ടകള്‍ കാണാതായത് ഉള്‍പ്പെടെ, സംസ്ഥാന റൈഫിള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. നേരത്തെ ആരോപണങ്ങളില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം നടത്തിയെങ്കിലും പരാതിക്കാരന്‍ മൊഴി മാറ്റിയതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. സിബിഐ ഉദ്യോഗസ്ഥന്റെ നിര്‍ബന്ധത്തിനും ഭീഷണിക്കും വിധേയമായാണു പരാതിക്കാരന്‍ മൊഴിമാറ്റിയതെന്നും കുറ്റകൃത്യം ഇല്ലെന്നു വരുത്തിത്തീര്‍ത്ത് കേസ് അട്ടിമറിക്കുകയാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശി ഡേവിഡ് ജോണ്‍ നല്‍കിയ ഹരജിയിലാണു നടപടി. വെടിയുണ്ടകളും റൈഫിളുകളും കണക്കില്ലാത്ത വിധം ദുരുപയോഗം ചെയ്‌തെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു കോട്ടയം ജില്ലാ റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി നല്‍കിയ ഹരജിയിലാണ് നേരത്തെ സിബിഐ അന്വേഷണത്തിന് ഉത്തരവുണ്ടായത്. അന്വേഷണത്തിന്റെ ഭാഗമായി ഹരജിക്കാരനെ ചോദ്യംചെയ്തപ്പോഴാണു മൊഴിമാറ്റാന്‍ സമ്മര്‍ദമുണ്ടായതെന്നു ഹരജിയില്‍ പറയുന്നു. സിബിഐയുടെ റിപോര്‍ട്ടിനെതിരേ അന്നത്തെ കോട്ടയം സെക്രട്ടറിയായിരുന്ന ഹരജിക്കാരന്‍ പ്രൊട്ടക്ഷന്‍ കംപ്ലൈന്റ്് നല്‍കിയെങ്കിലും കേസ് അവസാനിപ്പിച്ച നടപടിയെ ഇദ്ദേഹം അനുകൂലിച്ചിട്ടുണ്ടെന്ന കാരണത്താല്‍ ഈ പരാതി കോടതി തള്ളി. ഇതിനു ശേഷം ഫോണില്‍ വിളിച്ചാണ് തനിക്കു നേരിടേണ്ടി വന്ന സമ്മര്‍ദവും ഭീഷണിയും സംബന്ധിച്ച് അറിയിച്ചത്. ഒരു ലക്ഷത്തിലേറെ വെടിയുണ്ടകള്‍ വിനിയോഗിച്ചതിനു കണക്കില്ലാത്ത കേസാണിത്. ഈ സാഹചര്യത്തില്‍ വെടിയുണ്ടകള്‍ കാണാതായ സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിനു പകരം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ഇതിന് ഉത്തരവിടണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Next Story

RELATED STORIES

Share it