ക്രെയിനില്‍ കൊണ്ടുപോയ വിമാനം നിലത്തുവീണു തകര്‍ന്നു

ഹൈദരാബാദ്: കൂറ്റന്‍ ക്രെയിനില്‍ കൊണ്ടുപോവുകയായിരുന്ന എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനക്ഷമമല്ലാത്ത പരിശീലന വിമാനം നിലത്തുവീണു തകര്‍ന്നു. ബീഗംപേട്ട് വിമാനത്താവളത്തില്‍നിന്ന് റോഡ് മാര്‍ഗം ബാലനഗറിലെ ഫിറോസ്ഗുഡയിലെ എയര്‍ ഇന്ത്യ അക്കാദമിയിലേക്കു മാറ്റുമ്പോഴാണ് അപകടം. ഞായര്‍ രാവിലെ 7.15ഓടെയാണു സംഭവം. 70 ടണ്‍ ഭാരമുള്ള എയര്‍ബസ് എ-320 വിമാനം അടുത്തുള്ള കെട്ടിടത്തിന്റെ മതിലിലേക്കാണു വീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
ഇത് ഉപയോഗക്ഷമമല്ലാത്ത വിമാനമായിരുന്നു. പരിശീലന പരിപാടികള്‍ക്കായി നാല് കിലോമീറ്റര്‍ അകലെയുള്ള പരിശീലന കേന്ദ്രത്തിലേക്ക് ക്രെയിനില്‍ റോഡുമാര്‍ഗം മാറ്റുമ്പോഴാണ് അപകടമുണ്ടായതെന്ന് ബൊവന്‍പള്ളി പോലിസ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ പറഞ്ഞു. 200 ടണ്‍ ഭാരമുള്ള ക്രെയിന് ബാലന്‍സ് നഷ്ടമായതോടെയാണ് അപകടമുണ്ടായത്.
പുതിയ വിമാനത്താവളം വന്നതോടെ ബീഗംപേട്ട് വിമാനത്താവളത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു വിമാനം. 2007 മുതല്‍ ഇത് ഇവിടെയുണ്ട്.
Next Story

RELATED STORIES

Share it