thrissur local

ക്രൂര പീഡനത്തിനിരയായ ഗണപതിയുടെ ചികില്‍സ തുടങ്ങി



മാള: ക്രൂരമായ പീഡനത്തിനിരയായതും ഭക്ഷണം നന്നായി കഴിക്കാത്തതിനാല്‍ ക്ഷീണിതനുമായ ഗണപതിയെന്ന ആനയുടെ ചികില്‍സ തുടങ്ങി. ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റ് തൃശ്ശൂര്‍ ജില്ലാ ഡോക്ടര്‍മാരായ യു സി മിഥിന്‍, ആര്‍ മഹേഷ്, സീനിയര്‍ ഡോക്ടറും ഗുരുവായൂര്‍ ദേവസ്വത്തിലെ ഡോക്ടറുമായ സുനില്‍കുമാര്‍ എന്നിവരെത്തിയാണ് ചികില്‍സക്ക് തുടക്കമിട്ടത്. കാലുകളിലും മറ്റു ശരീരഭാഗങ്ങളിലുമുള്ള മുറിവുകള്‍ ഉണങ്ങാനും ആരോഗ്യം വീണ്ടെടുക്കാനുമായുള്ള ആന്റിബയോട്ടിക്ക് ചികില്‍സക്കാണിപ്പോള്‍ തുടക്കമിട്ടത്. മരുന്നുകളോട് ആനയുടെ ശരീരം പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആനയുടെ മുറിവുകളില്‍ നിന്നും മറ്റുമെടുത്ത സാംപിളുകള്‍ മണ്ണുത്തി വെറ്ററിനറി സര്‍വ്വകലാശാലയിലേക്ക് അയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഇതിന്റെ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കും. അതിന് ശേഷം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേറെയെന്തെങ്കിലും ചികില്‍സ വേണ്ടിവരുമെങ്കില്‍ അതിനും പെട്ടെന്ന് തന്നെ തുടക്കമിടും. കിടന്നതിനാലുണ്ടായ മുറിവുകളാണ് അധികമെന്നും ആഴത്തിലുള്ള മുറിവ് എങ്ങിനെ പറ്റിയെന്നത് കൂടുതല്‍ പരിശോധനയിലൂടേയെ അറിയാനാകൂ എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനിടെ ആനയെ വനംവകുപ്പ് ഏറ്റെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ശക്തിയേറുകയാണ്. കഴിഞ്ഞ ദിവസം ചാലക്കുടിയിലെത്തിയ ആനയുടെ ഉടമ എറണാകുളം കണയന്നൂര്‍ സ്വദേശി ഈശ്വരപിള്ള ആനയുടെ അടുത്തേക്ക് എത്തിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആനയെ കൊണ്ടുപോകുന്നതിലും ചികില്‍സ നടത്തി പരിപാലിക്കുന്നതിലും ഉടമക്ക് താല്‍പ്പര്യമില്ലയെന്നതാണിത് തെളിയിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനാല്‍തന്നെ സംസ്ഥാന വനംവകുപ്പ് ആനയെ ഏറ്റെടുത്ത് മികച്ച ചികില്‍സ നല്‍കി ആനയുടെ ആരോഗ്യം വീണ്ടെടുക്കണമെന്നാണ് ആനപ്രേമികള്‍ കൂടെയായ നാട്ടിലെ ചെറുപ്പക്കാരുടെ ആവശ്യം. ആനയുടെ മുന്‍കാലുകളിലടക്കം ആഴത്തിലുള്ള മുറിവുകളുണ്ട്. പാദങ്ങളില്‍ വ്രണമുണ്ടായി പഴുത്തതോടെ നഖങ്ങള്‍ കൊഴിഞ്ഞു പോയ അവസ്ഥയിലാണ്. പാദരോഗമാണ് ആനയെ കൂടുതലായി അവശനാക്കിയത്. എറണാകുളം തേവരയിലെ ഒരു ഉത്സവത്തിനിടയില്‍ പാപ്പാനെ കുത്തി കൊന്നതിനെ തുടര്‍ന്നാണ് 22 വയസ്സുകാരനായ കൊമ്പനെ കുഴൂര്‍ എരവത്തൂര്‍ മേലാംതുരുത്തിലെത്തിച്ചത്. പാപ്പാനെ കൊന്ന ആനയെ ഇനി എഴുന്നള്ളത്തിനും മറ്റും ഉപയോഗിക്കരുതെന്ന് വനംവകുപ്പ് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഉടമയുടെ പേരിലുള്ള പറമ്പില്‍ ആനയെ തളച്ചത്. മൂന്ന് വര്‍ഷത്തിലേറെയായി ഇതിന്റെ പേരില്‍ കടുത്ത ശിക്ഷയാണ് ഏറ്റുവാങ്ങിക്കൊണ്ടിരുന്നത്. കേരള നാട്ടാന പരിപാലന പരിചരണ ചട്ട പ്രകാരം ഉടമക്കെതിരെ കഴിഞ്ഞ ദിവസം വനംവകുപ്പ് കേസ്സെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it