ക്രിസ്റ്റിയാനോ @ 90; റയല്‍ ക്വാര്‍ട്ടറില്‍

മാഡ്രിഡ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവിലേറി മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇരുപാദങ്ങളിലായി നടന്ന പ്രീക്വാര്‍ട്ടറില്‍ ഇറ്റലിയില്‍ നിന്നുള്ള എഎസ് റോമയെയാണ് സ്പാനിഷ് അതികായന്‍മാരായ റയല്‍ തരിപ്പണമാക്കിയത്. ഇരുപാദങ്ങളിലായി എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം.
റയലിനു പുറമേ ജര്‍മന്‍ ക്ലബ്ബായ വോള്‍ഫ്‌സ്ബര്‍ഗും ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ഇരുപാദങ്ങളിലായി നടന്ന പ്രീക്വാര്‍ട്ടറില്‍ ബെര്‍ജിയത്തില്‍ നിന്നുള്ള ജെന്റിനെ 2-4നാണ് വോള്‍ഫ്‌സ്ബര്‍ഗ് പരാജയപ്പെടുത്തിയത്.
റോമയുടെ തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ 0-2ന്റെ മുന്‍തൂക്കം നേടിയ റയല്‍ ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെര്‍നാബുവില്‍ നടന്ന രണ്ടാംപാദത്തിലും ഇതേ മാര്‍ജിനില്‍ വെന്നിക്കൊടി നാട്ടുകയായിരുന്നു. സ്വന്തം തട്ടകത്തിലും മികച്ച പ്രകടനമാണ് റയല്‍ പുറത്തെടുത്തത്.
കളിയുടെ ആദ്യപകുതിയില്‍ എഡിന്‍ സെക്കോയും മുഹമ്മദ് ഷലാഹും ഗോളിനുള്ള സുവര്‍ണാവസരങ്ങള്‍ പാഴാക്കിയത് റോമയുടെ തോല്‍വി ഭാരം വര്‍ധിപ്പിച്ചു. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമാണ് റയല്‍ രണ്ട് ഗോളുകളും റോമയുടെ ഗോള്‍ വലയ്ക്കുള്ളിലേക്ക് അടിച്ചുകയറ്റിയത്.
ഗോളടിവീരന്‍ ക്രിസ്റ്റിയാനോയാണ് ഇത്തവണയും റയലിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 64ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍. ഇതോടെ ചാംപ്യന്‍സ് ലീഗില്‍ താരത്തിന്റെ ഗോള്‍ നേട്ടം 90 ആയി ഉയര്‍ന്നു. ടൂര്‍ണമെന്റില്‍ 13 ഗോളുകളുമായി ഇത്തവണ ഗോള്‍ വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നതും ക്രിസ്റ്റിയാനോയാണ്.
വ്യത്യസ്ഥ ടൂര്‍ണമെന്റുകളില്‍ നിന്നായി 40 ഗോളുകളാണ് ഇതുവരെ ക്രിസ്റ്റിയാനോ അടിച്ചുകൂട്ടിയത്. 68ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗസാണ് മല്‍സരത്തില്‍ റയലിന്റെ രണ്ടാം ഗോള്‍ നേടിയത്.
അതേസമയം, 74ാം മിനിറ്റില്‍ ആന്ദ്രെ ഷര്‍ലെ നേടിയ ഗോളാണ് രണ്ടാംപാദത്തിലും ജെന്റിനെതിരേ വോള്‍ഫ്‌സിന് ജയം സമ്മാനിച്ചത്. കഴിഞ്ഞയാഴ്ചജര്‍മന്‍ ലീഗില്‍ ഹാനോവറിനെതിരേ ഹാട്രിക്ക് നേടിയതിനു പിന്നാലെയാണ് ഷര്‍ലെ വോള്‍ഫ്‌സിന് മറ്റൊരു ചരിത്ര നേട്ടത്തിലേക്ക് ആനയിച്ചത്.
ചാംപ്യന്‍സ് ലീഗില്‍ വോള്‍ഫ്‌സ്ബര്‍ഗിന്റെ കന്നി ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം കൂടിയാണിത്. നേരത്തെ ജെന്റിന്റെ ഹോംഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തിലും വോള്‍ഫ്‌സ്ബര്‍ഗ് 3-2ന് ജയിച്ചിരുന്നു.
Next Story

RELATED STORIES

Share it