palakkad local

ക്രിസ്മസ്-പുതുവല്‍സര ആഘോഷങ്ങള്‍ക്ക് മദ്യനിയന്ത്രണമേര്‍പ്പെടുത്തും: ജില്ലാ ഭരണകൂടം

പാലക്കാട്: പുതുവല്‍സര-ക്രിസ്മസ് ദിനാഘോഷങ്ങളുടെ ഭാഗമായി മദ്യ നിയന്ത്രണം നടപ്പിലാക്കുന്നതിന് ജില്ലാതല ജനകീയ സമിതി ചേര്‍ന്നു. എഡിഎം യു നാരയണന്‍കുട്ടി അധ്യക്ഷത വഹിച്ചു. എഡിഎംന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഭരണകൂടം, പോലിസ്, എക്‌സൈസ്, ഫോറസ്റ്റ് എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ജില്ലയില്‍ നടപ്പാക്കുക. ക്രിസ്മസ്, ന്യൂഇയര്‍ ദിനാഘോഷങ്ങളില്‍ സ്പിരിറ്റ് കടത്ത് തടയുന്നതിന് അതിര്‍ത്തി പ്രദേശങ്ങളിലും ഊടുവഴികളിലും വാഹന പരിശോധന കര്‍ശനമാക്കുക, സ്‌കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ ബോധവല്‍കരണ ക്ലാസുകള്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുക, അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പരിസരങ്ങളില്‍ പുകയില വിപണനം നിയന്ത്രിക്കാന്‍ നടപടിയെടുക്കുക എന്നീ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
എക്‌സൈസ് വകുപ്പിന്റെ റിപോര്‍ട്ട് പ്രകാരം ജില്ലയില്‍ 3043 റെയ്ഡുകളും 423 അബ്കാരി കേസുകളും 53.8 ലിറ്റര്‍ ചാരായം, 17898 ലിറ്റര്‍ വാഷ്, 4619 -കള്ള്, 34.01 കി.ഗ്രാം.-കഞ്ചാവ്, 118 -മയക്കുമരുന്നുഗുളികകള്‍, 91995-പുകയില ഉല്‍പന്നങ്ങള്‍ എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പിടിച്ചെടുത്തത്. യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ വി ലാല്‍കുമാര്‍, മദ്യനിരോധന സംസ്ഥാന സമിതി കോ-ഓഡിനേറ്റര്‍ കെ കാദര്‍മൊയ്തീന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ വി പി സുരേഷ്‌കുമാര്‍, കൊല്ലങ്കോട് റെയ്ഞ്ച് ഓഫിസര്‍ സി കെ മുഹമ്മദ് സക്കീര്‍, ഒലവക്കോട് റെയ്ഞ്ച് എസ്എഫ്ഒ എം എം ദീപക് കുമാര്‍, പോലിസ്-എക്‌സൈസ്-ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it