ക്രിസ്മസ് ദിനത്തില്‍ കാട്ടുതീ; ആസ്‌ത്രേലിയയില്‍ നൂറിലധികം വീടുകള്‍ കത്തിനശിച്ചു

കാന്‍ബറ: ആസ്‌ത്രേലിയയില്‍ ക്രിസ്മസ് ദിനത്തിലുണ്ടായ കാട്ടുതീയില്‍ നൂറിലധികം വീടുകള്‍ കത്തിനശിച്ചു. വിക്ടോറിയ സംസ്ഥാനത്താണ് ആയിരങ്ങളെ വഴിയാധാരമാക്കി കാട്ടുതീ നാശംവിതച്ചത്. വൈ റിവറില്‍ 98ഉം സെപറേഷന്‍ ക്രീക്കില്‍ 18ഉം വീടുകളാണ് കത്തിനശിച്ചത്. ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല.
നൂറുകണക്കിന് അഗ്നിശമനസേനാംഗങ്ങളാണ് തീയണയ്ക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടത്. വിക്ടോറിയ സംസ്ഥാനത്തിന് തെക്കുപടിഞ്ഞാറുള്ള പ്രസിദ്ധമായ ഗ്രീറ്റ് ഓഷ്യന്‍ റോഡിനോടു ചേര്‍ന്നുള്ള ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. അവധി ആഘോഷിക്കാന്‍ നിരവധിപേര്‍ എത്തുന്ന പ്രദേശമാണിത്. തണുത്ത കാലാവസ്ഥയും ചാറ്റല്‍മഴയും തുടങ്ങിയത് അപകടസാധ്യത കുറച്ചിട്ടുണ്ട്. എങ്കിലും അടിയന്തര അപകട മുന്നറിയിപ്പ് അധികൃതര്‍ പിന്‍വലിച്ചിട്ടില്ല. പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ലോണില്‍നിന്ന് 16,00ഓളം പ്രദേശവാസികളെയും സന്ദര്‍ശകരെയും വെള്ളിയാഴ്ച മാറ്റിപ്പാര്‍പ്പിച്ചെങ്കിലും തണുത്ത കാലാവസ്ഥയായതിനാല്‍ തിരികെ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
അഗ്നിബാധ കാരണം നിരവധിപേര്‍ക്ക് താല്‍ക്കാലിക ദുരിതാശ്വാസകേന്ദ്രങ്ങളില്‍ ക്രിസ്മസ് ആഘോഷിക്കേണ്ടിവന്നു. 500ലധികം അഗ്നിശമനസേനാംഗങ്ങളും 60 ടാങ്കറുകളും 18 വിമാനങ്ങളും തീയണയ്ക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളായി. 24 മണിക്കൂര്‍ നീണ്ട യത്‌നത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയതെന്നു വിക്ടോറിയയിലെ ദുരന്തനിവാരണസേനാ കമ്മീഷണര്‍ ക്രെയ്ഗ് ലാപ്സ്ലി പറഞ്ഞു. ഒരാഴ്ച മുമ്പുണ്ടായ ഇടിമിന്നലാണ് തീ പടര്‍ന്നുപിടിക്കാന്‍ കാരണമായതെന്നാണ് അനുമാനം. ഇതുവരെ 2,000 ഹെക്റ്ററോളം പ്രദേശം അഗ്നിക്കിരയായി. രണ്ടു മാസത്തേക്കു കൂടി അപകട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കന്‍ ആസ്‌ത്രേലിയയില്‍ കാട്ടുതീ പതിവാണ്. 2009ല്‍ വിക്ടോറിയയിലുണ്ടായ കാട്ടുതീയില്‍ 173 പേര്‍ മരിക്കുകയും 100ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it