malappuram local

ക്രിസ്മസ് കേക്കുകളില്‍ തൂക്കക്കുറവ്; അളവു തൂക്ക വിഭാഗം കേസെടുത്തു

മഞ്ചേരി: ജില്ലയിവെ വ്യാപാര സ്ഥാപനങ്ങളില്‍ വില്‍പനയ്‌ക്കെത്തിച്ച ക്രിസ്മസ് കേക്കുകളില്‍ വ്യാപകമായി തൂക്കക്കുറവു കണ്ടെത്തി. അളവു തൂക്ക വിഭാഗം ആഘോഷവേള മുന്‍നിര്‍ത്തി നടത്തിയ പരിശോധനയിലാണിത്. വേണ്ടത്ര അളവില്ലാത്ത കേക്കുകള്‍ വില്‍പനക്കുവച്ച സ്ഥാപനങ്ങള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 155 ബേക്കറികളിലാണ് ഉദ്യോഗസ്ഥ സംഘങ്ങള്‍ ക്രമക്കേട് കണ്ടെത്തിയത്. 13 സ്ഥാപനങ്ങളില്‍ വില്‍പനക്കുവച്ച കേക്കുകളില്‍ രേഖപ്പെടുത്തിയ അളവു കുറഞ്ഞതായി കണ്ടെത്തി. പാക്കിങില്‍ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ 18 കടകളിലാണ് കേക്കുകള്‍ വില്‍പന നടത്തിയത്. എട്ട് സ്ഥാപനങ്ങള്‍ അളവു തൂക്ക നിയമങ്ങളും ലംഘിച്ചു. കേക്കിനു താഴെവച്ചിരിക്കുന്ന പലകകള്‍ മിക്കവയും 100 ഗ്രാമില്‍ കൂടുതല്‍ തൂക്കമുള്ളവയാണെന്നാണ് പ്രധാന കണ്ടെത്തല്‍. ഇത്തരത്തിലുള്ള കിലോഗ്രാമിന് 500 രൂപ വിലയുള്ള കേക്ക് വാങ്ങുമ്പോള്‍ ഉപഭോക്താവിന് 50 രൂപയിലധികം നഷ്ടപ്പെടുമെന്ന് അളവു തൂക്ക വിഭാഗം ഉദ്യാഗസ്ഥര്‍ പറയുന്നു. ക്രിസ്മസ്-പുതുവല്‍സരാഘോഷങ്ങള്‍ മുന്‍നിര്‍ത്തി 20 മുതല്‍ 24 വരെ രണ്ട് സംഘങ്ങളാണ് ജില്ലയില്‍ പരിശോധന നടത്തിയത്.
അസിസ്റ്റന്റ് കണ്‍ട്രോളര്‍ വി ആര്‍ സുധീര്‍ രാജ്, സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സുജ എസ് മണി, ഇന്‍സ്‌പെക്ടര്‍മാരായ എസ് സിറാജുദ്ദീന്‍, ടി ജി ജവഹര്‍, സൗമ്യ, ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റുമാരായ സി പി സുഭാഷ്, പി മുകുന്ദന്‍, ബി മണികണ്ഠന്‍, കെ ശ്രീധരന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it