Flash News

ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ തട്ടിക്കൂട്ട് സംഘടന: ഭാരവാഹികള്‍ സംഘപരിവാര നേതാക്കള്‍

ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ തട്ടിക്കൂട്ട് സംഘടന: ഭാരവാഹികള്‍ സംഘപരിവാര നേതാക്കള്‍
X


എച്ച് സുധീര്‍
തിരുവനന്തപുരം: ക്രൈസ്തവ യുവതികളെ മതം മാറ്റുന്നതു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ സംഘപരിവാരത്തിന്റെ മറ്റൊരു തട്ടിക്കൂട്ട് സംഘടന. ചാരിറ്റിയുടെ പേരില്‍ ആരംഭിച്ചിട്ടുള്ള പ്രസ്ഥാനം മുഖ്യമായും സംഘപരിവാര ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ആര്‍എസ്എസ് മെനഞ്ഞെടുത്ത ലൗ ജിഹാദ് കെട്ടുകഥ കോടതിയില്‍ പൊളിഞ്ഞടങ്ങിയ സാഹചര്യത്തിലാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുതലെടുപ്പ് നടത്താന്‍ ക്രിസ്ത്യന്‍ ഹൈല്‍പ്‌ലൈന്‍ എന്ന സംഘടന രൂപീകരിച്ചത്. ഈ സംഘത്തിന്റെ തലപ്പത്തുള്ളവരാവട്ടെ ബിജെപിയുടെ പോഷകസംഘടനാ ഭാരവാഹികളും. കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നതിലൂടെ അപഹാസ്യപാത്രമായി മാറിയ വിവാദ ഹിന്ദു ഹൈല്‍പ് ലൈനാണ് ഇവരുടെ ബുദ്ധികേന്ദ്രം. പരാതിയുമായി ഹൈക്കോടതിയെ സമീപിച്ച ക്രിസ്ത്യന്‍ ഹൈല്‍പ് ലൈന്‍ കണ്‍വീനര്‍ പന്തളം സ്വദേശിയായ രഞ്ജിത് ഏബ്രഹാം തോമസ് ബിജെപി ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറിയാണ്. മുമ്പ് ഇദ്ദേഹം ജന്‍മഭൂമിയിലും ഈസ്റ്റ് കോസ്റ്റ് ഓണ്‍ലൈനിലും ജോലി ചെയ്തിരുന്നു. ഈ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി നിരവധി വ്യാജവാര്‍ത്തകളാണ് ഇപ്പോഴും പടച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഹൈക്കോടതിയില്‍ പരാതി നല്‍കിയ ശേഷം രഞ്ജിത്ത് ഏബ്രഹാം ആദ്യം നന്ദിയര്‍പ്പിച്ചത് ഹിന്ദു ഹെല്‍പ് ലൈനിനും കോ-ഓഡിനേറ്റര്‍ പ്രതീഷ് വിശ്വനാഥിനുമാണ്.
ഇതുകൂടാതെ ക്രിസ്ത്യന്‍ ഹൈല്‍പ് ലൈനിന്റെ സൗത്ത് സോണ്‍ കണ്‍വീനര്‍ തിരുവല്ല സ്വദേശി സിബി സാം തോട്ടത്തില്‍ നിലവില്‍ യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ്. ഹെല്‍പ്‌ലൈനിന്റെ സംസ്ഥാന ജോ. കണ്‍വീനര്‍ ലിന്റോ ജോസഫ്, ജിന്‍സ് നല്ലേപറമ്പന്‍ തുടങ്ങിയവരും സംഘപരിവാര സഹയാത്രികരാണ്. ഇവര്‍ ഇപ്പോള്‍ കോടതിയില്‍ നല്‍കിയ പരാതികള്‍ മുമ്പ് ആര്‍എസ്എസും ബിജെപിയും പലതവണ ഉന്നയിച്ച് മുനയൊടിഞ്ഞ അതേ ആരോപണങ്ങളാണ്. ക്രിസ്ത്യന്‍ നാമധാരികളായ സംഘപരിവാര ചിന്താഗതിക്കാരെ ഉപയോഗിച്ച് വര്‍ഗീയ മുതലെടുപ്പ് നടത്താനുള്ള സംഘപരിവാരത്തിന്റെ മറ്റൊരു നീക്കമാണ് ഇതിലൂടെ പൊളിയുന്നത്. മാത്രമല്ല, ക്രൈസ്തവ സഭകളുടെ യാതൊരു പിന്തുണയും ഇവര്‍ക്കില്ല. ക്രൈസ്തവ വിഭാഗത്തിന്റെ താല്‍പര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമല്ല ക്രിസ്ത്യന്‍ ഹെല്‍പ്‌ലൈനെന്നു കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു. ഹിന്ദു ഹെല്‍പ്‌ലൈന്‍ നടത്തുന്നവര്‍ തന്നെയല്ലേ ഇതിനുപിന്നിലും. ഇക്കാര്യം നേരത്തേതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സമുദായത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കുന്നതു കോടതിയില്‍ ചെല്ലുമ്പോള്‍ പരിശോധിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നതും അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യന്‍ ഹൈല്‍പ്‌ലൈനിന്റെ നിലപാടുകള്‍ക്കെതിരേ വ്യാപക വിമര്‍ശനമാണ് ക്രൈസ്തവ വിശ്വാസികളില്‍ നിന്നും ഉയര്‍ന്നിട്ടുള്ളത്. ഇവരുടെ ഫേസ്ബുക്ക് പേജിലേക്ക് നിരവധി വിമര്‍ശനങ്ങളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. ആര്‍എസ്എസ് അകറ്റിനിര്‍ത്തപ്പെടേണ്ട ഭീകരസംഘടനയല്ലെന്നാണ് ക്രിസ്ത്യന്‍ ഹൈല്‍പ്‌ലൈന്‍ ഭാരവാഹികളുടെ നിലപാട്. സംഘപരിവാര സംഘടനകളോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതു മഹാ അപരാധമായി കാണുന്നില്ലെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.
Next Story

RELATED STORIES

Share it