ക്രിസ്ത്യന്‍ വിവാഹമോചന നിയമം ഭേദഗതി ചെയ്യുന്നു

ന്യൂഡല്‍ഹി: ക്രൈസ്തവ ദമ്പതികള്‍ക്ക് പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടാന്‍ പിരിഞ്ഞിരിക്കേണ്ട കാലയളവ് കുറയ്ക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്യുന്നു. സുപ്രിംകോടതി ഉത്തരവും ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യവും കണക്കിലെടുത്താണിത്. 1869ലെ വിവാഹമോചന നിയമമനുസരിച്ച് രണ്ടു വര്‍ഷമാണ് കാലയളവ്. അതു ഒരു വര്‍ഷമായി കുറയ്ക്കുന്നതിന് നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതോടെ ഇതര മതസ്ഥരുടെ വിവാഹനിയമത്തിനു തുല്യമാവും ക്രിസ്ത്യന്‍ വിവാഹനിയമവും.
ഹിന്ദു വിവാഹനിയമം, പാര്‍സി വിവാഹ- വിവാഹമോചന നിയമം, പ്രത്യേക വിവാഹനിയമം എന്നിവ പ്രകാരം വിവാഹമോചന കാലയളവ് ഒരു വര്‍ഷമാണ്. നിയമം ഭേദഗതി ചെയ്യുന്നതിനുള്ള മന്ത്രിസഭാ കുറിപ്പിന്റെ കരടു തയ്യാറായിട്ടുണ്ട്. വിവാഹമോചനം ആവശ്യപ്പെടുന്ന ദമ്പതികള്‍ രണ്ടു വര്‍ഷമോ അതിലധികമോ കാലം വേര്‍പിരിഞ്ഞു ജീവിക്കണമെന്ന് ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തിലെ സെക്ഷന്‍ 10 എ(1) പറയുന്നു. 2011ലാണ് ഇതുസംബന്ധിച്ച ദേദഗതി കൊണ്ടുവന്നത്.
നിലവിലെ നിയമത്തെ ചോദ്യംചെയ്ത സുപ്രിംകോടതി ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതര മതസ്ഥരായ ദമ്പതികള്‍ക്ക് വേര്‍പിരിഞ്ഞു താമസിക്കേണ്ട കാലയളവ് ഒരു വര്‍ഷമായിരിക്കെ ക്രൈസ്തവര്‍ക്ക് രണ്ടു വര്‍ഷമാക്കുന്നതെന്തിനെന്ന് സുപ്രിംകോടതി ചോദിച്ചിരുന്നു. നിയമം കൂടുതല്‍ സ്ത്രീസൗഹൃദമാക്കുന്നതിന് നിയമകമ്മീഷന്‍ വിവാഹമോചന നിയമത്തില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചിരുന്നു.
Next Story

RELATED STORIES

Share it