ക്രിസ്ത്യന്‍ വിവാഹനിയമം വ്യാപകമാക്കാന്‍ ശുപാര്‍ശ ചെയ്യും

തൃശൂര്‍: സംസ്ഥാനത്ത് 1872ലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ മാരേജ് ആക്ട് ബാധകമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു. തൃശൂര്‍ കലക്ടറേറ്റില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങില്‍ അഡ്വ. സോളമന്‍ വര്‍ഗീസിന്റെ അപേക്ഷയിലാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യാനുള്ള തീരുമാനം അറിയിച്ചത്. നിലവില്‍ പഴയ മലബാര്‍ പ്രദേശത്തിനു മാത്രമാണ് നിയമം ബാധകം. ഇത് സംസ്ഥാനത്തിനു മുഴുവന്‍ ബാധകമാക്കാനാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുക.
ആകെ 43 കേസുകളാണ് അദാലത്തില്‍ വന്നത്. ഇതില്‍ നാലു കേസുകള്‍ കമ്മീഷന്‍ തീര്‍പ്പാക്കി. പുതിയ രണ്ടു കേസുകള്‍ സ്വീകരിച്ചു. അങ്കമാലി-മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ ശാരീരിക വൈകല്യമുള്ളവര്‍ക്കും മുതിര്‍ന്നവര്‍ക്കും ടോള്‍ ഇളവ് വേണമെന്ന ഹരജിയില്‍ ദേശീയപാതാ സൂപ്രണ്ടിങ് എന്‍ജിനീയറോട് കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു. തന്റെ ഉടമസ്ഥതയിലുള്ള കാര്‍ ഭര്‍ത്താവ് അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്ന പരാതിയില്‍ യുവതിക്ക് കാര്‍ വിട്ടുനല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പാവറട്ടി പോലിസിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഒക്‌ടോബര്‍ 23നാണ് കമ്മീഷന്റെ അടുത്ത സിറ്റിങ്.

Next Story

RELATED STORIES

Share it