Flash News

ക്രിസ്ത്യന്‍ പ്രബോധകസംഘത്തിനു നേരെ സംഘപരിവാര ആക്രമണം

കൊടുങ്ങല്ലൂര്‍: ക്രിസ്ത്യന്‍ മതസന്ദേശ പ്രചാരണത്തിനെത്തിയ പാസ്റ്റര്‍മാര്‍ക്കു നേരെ സംഘപരിവാര ആക്രമണം. ഉത്തരേന്ത്യന്‍ മാതൃകയില്‍ പ്രബോധകസംഘത്തെ ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഗോപിനാഥന്‍ എന്ന ഗോപി കൊടുങ്ങല്ലൂരിന്റെ നേതൃത്വത്തിലാണ് പാസ്റ്റര്‍മാരെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്യുന്നത്. ഹിന്ദു ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തകരാണ് തങ്ങളെന്ന് ഇവര്‍ പറയുന്നുണ്ട്.
കൊടുങ്ങല്ലൂര്‍ മേത്തല വലിയ പണിക്കന്‍തുരുത്തിലാണ് പാസ്റ്റര്‍മാരെ ആക്രമിച്ചത്. ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പില്‍ അബ്രഹാം തോമസ്, പത്തനംതിട്ട സ്വദേശിയായ അഖില്‍ എന്നീ പാസ്റ്റ ര്‍മാരാണ് ആക്രമത്തിന് ഇരയായത്. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. മദ്യം, മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് മുക്തമാക്കുന്നതിന് വീടുകള്‍തോറും കയറിയിറങ്ങി പ്രചാരണം നടത്തുകയായിരുന്നു തങ്ങളെന്ന് പാസ്റ്റര്‍ സംഘം പറഞ്ഞു. പാസ്റ്റര്‍മാരുടെ കൈവശമുള്ള നോട്ടീസും ലഘുലേഖകളും പിടിച്ചുവാങ്ങിയ ഗോപി ഇവ കീറിക്കളയുകയും ചെയ്യുന്നുണ്ട്. ഈ ഏരിയയില്‍ നിങ്ങള്‍ വരേണ്ട കാര്യമില്ലെന്നും ഇത് ഹിന്ദുക്കള്‍ മാത്രം താമസിക്കുന്ന പ്രദേശമാണെന്നും ഇവര്‍ പറയുന്നു. ഇത് ഹിന്ദുരാഷ്ട്രമാണെന്നും ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഏരിയയില്‍ കയറിക്കളിച്ചാല്‍ വിവരമറിയുമെന്നും ഭീഷണിപ്പെടുത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്.
കൂടെയുള്ളവരോട് വീഡിയോ പകര്‍ത്താന്‍ പറഞ്ഞുകൊണ്ടാണ് ഗോപി പാസ്റ്റര്‍മാരെ മര്‍ദിക്കുന്നത്. ഏതെങ്കിലും ഹിന്ദുക്കളുടെ ഏരിയയില്‍ കണ്ടുകഴിഞ്ഞാല്‍ പ്രായമൊന്നും നോക്കില്ല, ഇവിടം ഞങ്ങളങ്ങ് പൊളിക്കും എന്നു പറഞ്ഞ് ഇവരില്‍ മുതിര്‍ന്ന പാസ്റ്ററുടെ വയറിന് കുത്തിപ്പിടിച്ച് തള്ളിക്കൊണ്ടുപോവുന്നതും വീഡിയോയില്‍ വ്യക്തമാണ്. മനപ്പൂര്‍വം കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ നാല് വകുപ്പുകള്‍ ചേര്‍ത്ത് ഗോപിനാഥനെതിരേ കേസെടുത്തതായി കൊടുങ്ങല്ലൂര്‍ എസ്‌ഐ വിനോദ് കുമാര്‍ പറഞ്ഞു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് ഐടി വകുപ്പനുസരിച്ചും കേസെടുത്തിട്ടുണ്ട്.  മാസങ്ങള്‍ക്കു മുമ്പ് കൊടുങ്ങല്ലൂരിനടുത്ത് പറവൂരിലും ഇത്തരത്തില്‍ സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ ആള്‍ക്കൂട്ട ആക്രമണം നടന്നിരുന്നു. അന്ന് മതപ്രബോധന ലഘുലേഖകള്‍ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെയാണ് നടുറോഡിലിട്ട് ക്രൂരമായി മര്‍ദിച്ചത്. എന്നാല്‍, ആര്‍എസ്എസിനെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. ഇതുസംബന്ധിച്ച് നിയമസഭയില്‍ ചോദ്യമുയര്‍ന്നപ്പോള്‍, ആര്‍എസ്എസിന് ആരും വളമിട്ടുകൊടുക്കാന്‍ പോവേണ്ടെന്നു പറഞ്ഞ് പിണറായി മുജാഹിദ് പ്രവര്‍ത്തകരെ വിമര്‍ശിക്കുകയാണ് ചെയ്തത്.
Next Story

RELATED STORIES

Share it