Flash News

ക്രിമിനല്‍ പോലിസ് 3080 ല്‍ നിന്ന് 59 ലേക്ക്; പട്ടിക വെട്ടിക്കുറച്ചത് പോലിസ് ഉന്നത സമിതി

ക്രിമിനല്‍ പോലിസ് 3080 ല്‍ നിന്ന് 59 ലേക്ക്; പട്ടിക വെട്ടിക്കുറച്ചത് പോലിസ് ഉന്നത സമിതി
X
കോഴിക്കോട്: ക്രിമിനല്‍ പോലിസുകാരുടെ പട്ടിക 3080ല്‍ നിന്നും 59 ആക്കി വെട്ടിക്കുറച്ച് സര്‍ക്കാര്‍ നിയോഗിച്ച ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ സമിതി. 2015ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 3080 ക്രിമിനല്‍ കേസ് പ്രതികള്‍ പോലിസ് സേനയില്‍ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം വിവരാവകാശ നിയമ പ്രകാരം പുറത്തുവന്ന രേഖയില്‍ അത് 1129 ആയി ചുരുങ്ങി.



സര്‍ക്കാരിന്റെയും പോലിസിന്റെയും പ്രതിച്ഛായ തകര്‍ക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ക്രിമിനല്‍ പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കുന്നതിന് പകരം കേസുകളില്‍ പെട്ട പോലിസുകാരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടികള്‍ക്കാണ് പോലിസ് തുടക്കം കുറിച്ചത്. പോലിസിലെ ക്രമിനലുകളെ കണ്ടെത്താനും അവര്‍ക്കെതിരേ നടപടിയെടുക്കാനും സര്‍ക്കാര്‍ നിശ്ചയിച്ച സമിതി കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. പോലിസിലെ ക്രിമിനലുകളെ കണ്ടെത്താന്‍, കള്ളനെ തന്നെ താക്കോല്‍ ഏല്‍പ്പിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ക്രിമിനല്‍ പോലിസിനെ പിടിക്കാന്‍ ഇറങ്ങിയത്. മുന്‍ ഡിജിപി(ക്രൈം) മുഹമ്മദ് യാസിന്‍ അധ്യക്ഷനായ സമിതിയെ ഇതിനായി നിയോഗിച്ചു. ഇന്റലിജന്‍സ് ഐജി, ആംഡ് പോലിസ് ബറ്റാലിയന്‍ ഡിഐജി, സെക്യൂരിറ്റി എസ്പി, എന്‍ആര്‍ഐ സെല്‍ എസ്പി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ഇവരുടെ ആദ്യഘട്ട പരിശോധനയില്‍ തന്നെ ക്രിമിനല്‍ കേസ് പ്രതികള്‍ 387 ആയി കുറഞ്ഞു. കൊലപാതക ശ്രമം, സ്ത്രീപീഡനം, ബാലപീഡനം തുടങ്ങി നിരവധി കേസുകളില്‍ പെട്ടവര്‍ ഇതിലുണ്ടായിരുന്നു. ലിസ്റ്റ് വെട്ടിക്കുറക്കാനുള്ള നടപടികള്‍ വീണ്ടും തകൃതിയായി നടന്നു. ചെറിയ കേസുകളെന്ന് പറഞ്ഞ് നിരവധി പോലിസുകാരെ ക്രിമിനല്‍ ലിസ്റ്റില്‍ നിന്നും രക്ഷിച്ചെടുത്തു. ഡിജിപി(ക്രൈം) ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബ് സര്‍ക്കാരിന് കൈമാറിയ അന്തിമ ലിസ്റ്റില്‍ ക്രിമിനല്‍ പോലിസുകാരുടെ എണ്ണം 59 ആയി ചുരുങ്ങി. വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളായിട്ടും സ്ഥാന കയറ്റം അടക്കം എല്ലാ ആനുകൂല്യങ്ങളും ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെട്ട പോലിസുകാര്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പെരുമാറ്റ ദൂഷ്യം കൊണ്ട് ഒരാള്‍ പോലിസ് ജോലിക്ക് അണ്‍ഫിറ്റാണെങ്കില്‍ അയാളെ പുറത്താക്കണമെന്നാണ് കേരള പോലിസ് ആക്ടിലെ 86(സി) വകുപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഗുരുതരമായി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പോലിസുകാര്‍ ഇപ്പോളും സേനയില്‍ തുടരുകയാണ്. 59 ക്രിമിനല്‍ പോലിസുകാര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനം ഇനിയും വൈകാനാണ് സാധ്യത.
Next Story

RELATED STORIES

Share it