ക്രിമിനല്‍ കേസ്: പാസ്‌പോര്‍ട്ട് പിടിച്ചെടുക്കണമെങ്കില്‍ കുറ്റപത്രം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ക്രിമിനല്‍ കേസ് നിലവിലുണ്ടെന്ന കാരണത്താല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കണമെങ്കില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് നിലവിലുണ്ടെന്ന പേരില്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തതിനെതിരേ വടകര സ്വദേശി മുഹമ്മദ് നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
പാസ്‌പോര്‍ട്ടിനുള്ള പോലി സ് വെരിഫിക്കേഷന്‍ റിപോര്‍ട്ടില്‍ കേസ് നിലവിലുണ്ടെന്ന് രേഖപ്പെടുത്തിയാല്‍ കേസ് ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കണമെന്നും ഇതിനായി ഡിജിപി നടപടി സ്വീകരിക്കണമെന്നും വിധിയില്‍ പറയുന്നു. 2014 നവംബറിലാണ് മുഹമ്മദ് തല്‍കാല്‍ സ്‌കീമില്‍ പാസ്‌പോര്‍ട്ട് എടുത്തത്. പിന്നീട് വിദേശത്തേക്ക് ജോലിക്കുപോയ ഇയാള്‍ 2018 ജനുവരി ഒന്നിന് മടങ്ങിയെത്തിയപ്പോള്‍ എയര്‍പോര്‍ട്ടിലെ പോര്‍ട്ട് രജിസ്‌ട്രേഷന്‍ ഓഫിസര്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു. വളയം പോലിസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ടെന്നാരോപിച്ചാണ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്. അന്യായമായി സംഘംചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, മാരകായുധങ്ങളുമായി ആക്രമണം നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. താന്‍ കേസില്‍ പ്രതിയായിരുന്നില്ലെന്നും പിന്നീട് പ്രതിചേര്‍ത്ത വിവരം അറിഞ്ഞിരുന്നില്ലെന്നും ഹരജിക്കാരന്‍ വ്യക്തമാക്കുന്നു. പോ ലിസിന്റെ വെരിഫിക്കേഷന്‍ റിപോര്‍ട്ടില്‍ കേസുണ്ടെന്ന് വ്യക്തമാക്കിയതോടെ രണ്ട് തവണ മുഹമ്മദിന്റെ നാട്ടിലെ വിലാസത്തില്‍ നോട്ടീസ് അയച്ചെങ്കിലും മറുപടിയോ വിശദീകരണമോ ലഭിച്ചില്ലെന്ന് റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ മറുപടി നല്‍കി. എന്നാല്‍ ക്രിമിനല്‍ കേസ് നിലവിലുണ്ടെന്ന് വിലയിരുത്തണമെങ്കില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയോ കോടതി കുറ്റം ചുമത്തുകയോ വേണം. അല്ലാതെ അന്വേഷണം നീണ്ടുപോവുന്ന കേസുകളിലൊക്കെ കേസ് നിലവിലുണ്ടെന്ന് വിലയിരുത്തി പാസ്‌പോര്‍ട്ട് തടഞ്ഞുവയ്ക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹരജിക്കാരന്റെ പാസ്‌പോ ര്‍ട്ട് തിരികെ നല്‍കാനും വിധിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it