ക്രിമിനല്‍ കേസിലെ പ്രതിക്കുവേണ്ടി എംഎല്‍എയുടെ ശുപാര്‍ശ

കോഴിക്കോട്: ഗ്രാമപ്പഞ്ചായത്തിന്റെ ഭൂമിയില്‍ അനധികൃത കരിങ്കല്‍ ക്വാറി നടത്തിയെന്ന ക്രിമിനല്‍ കേസില്‍ പ്രതിയായ ഉടമയ്ക്കുവേണ്ടി എംഎല്‍എ ശുപാര്‍ശ ചെയ്തതിന്റെ രേഖകള്‍ പുറത്തുവന്നു. നിയമവിരുദ്ധ ഖനനം നിയമവിധേയമാക്കുന്നതിനു വേണ്ടി വസ്തുതകള്‍ മറച്ചുവച്ച് കൊണ്ടോട്ടി എംഎല്‍എ കെ മുഹമ്മദുണ്ണി ഹാജി വൈദ്യുതിമന്ത്രിക്ക് എഴുതിയ ശുപാര്‍ശക്കത്തും പിഴ ശിക്ഷയില്‍ ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറിയ കത്തും ഉള്‍പ്പെടെയുള്ള രേഖകളാണു പുറത്തുവന്നത്. ശുപാര്‍ശ പരിഗണിച്ച് മൈനിങ് ആന്റ് ജിയോളജി വകുപ്പ്, പിഴത്തുക തവണകളായി അടയ്ക്കാന്‍ പ്രതിക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ക്രിമിനല്‍ കേസിലെ പ്രതിക്കുവേണ്ടി, അതേ വിഷയത്തില്‍ ശുപാര്‍ശ നടത്തിയ എംഎല്‍എയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നു കാട്ടി വിവരാവകാശ പ്രവര്‍ത്തകരായ അലി പുല്ലിത്തൊടിയും മനോജ് കേദാരവും നിയമസഭാ സ്പീക്കര്‍ക്കും പ്രതിപക്ഷനേതാവിനും പരാതി നല്‍കി. മലപ്പുറം ജില്ലയിലെ ചെറുകാവില്‍ പഞ്ചായത്തിന്റെ സ്ഥലത്ത് നിയമവിരുദ്ധമായി കരിങ്കല്‍ ഖനനം നടക്കുന്നുവെന്നുകാട്ടി പഞ്ചായത്ത് സെക്രട്ടറി 2013ല്‍ കരിപ്പൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. പോലിസ് ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്ന് അലി പുല്ലിത്തൊടിയും മനോജ് കേദാരവും വിജിലന്‍സിന് പരാതി നല്‍കി. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് കരിങ്കല്‍ ഖനനം നടക്കുന്നതെന്നും ഖനനം നടക്കുന്ന സ്ഥലം ചട്ടപ്രകാരമല്ല പഞ്ചായത്ത് വിലകൊടുത്തു വാങ്ങിയതെന്നും കാണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാന്‍ മുമ്പാകെയും പരാതി നല്‍കി. ഈ പരാതികളുടെ അന്വേഷണവേളയിലാണ് മുഹമ്മദുണ്ണി ഹാജി എംഎല്‍എ പ്രതിക്കുവേണ്ടി പലതവണ ശുപാര്‍ശ നടത്തിയെന്ന വിവരം പുറത്തായത്.

അനധികൃത ഖനനം നടന്നുകൊണ്ടിരിക്കെ, 2010 ആഗസ്ത് 17ന് അന്നത്തെ വൈദ്യുതിമന്ത്രി എ കെ ബാലന് മുഹമ്മദുണ്ണി ഹാജി സ്വന്തം ലെറ്റര്‍പാഡില്‍ ശുപാര്‍ശക്കത്ത് എഴുതിയിരുന്നു. അനധികൃത ഖനനത്തിന്റെ ഭാഗമായി പരിസരത്തെ വൈദ്യുതി ലൈനിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് എംഎല്‍എ മന്ത്രിക്ക് കത്തെഴുതിയത്. ഇതില്‍, മറ്റാരോ നടത്തിയ ഖനനം മൂലമാണ് വൈദ്യുതി ലൈനിന് കേടുപാട് സംഭവിച്ചതെന്നും വാണിജ്യ ആവശ്യത്തിനല്ല ഖനനമെന്നും കത്തില്‍ പറയുന്നു. എന്നാല്‍,  ശുപാര്‍ശ വൈദ്യുതിമന്ത്രിയും വകുപ്പും തള്ളി ഖനനത്തിന് അനുമതി നിഷേധിച്ചു.വീണ്ടും ഖനനം നടന്നതിനെ തുടര്‍ന്ന്  മൈനിങ് ആന്റ് ജിയോളജി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും പിഴ ചുമത്തി. അഞ്ചു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്ത് പോലിസ് കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പു ചുമത്തിയ പിഴശിക്ഷയില്‍ ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് എംഎല്‍എ തദ്ദേശ സ്വയംഭരണ വകുപ്പിനോട് വീണ്ടും ശുപാര്‍ശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഴശിക്ഷയായ 1,34,712 രൂപ 20 തുല്യ ഗഡുക്കളായി അടയ്ക്കാന്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പു തീരുമാനിച്ചത.് തദ്ദേശ സ്വയംഭരണ  വകുപ്പിന്റെ നിര്‍ദേശാനുസരണമായിരുന്നു ഇത്. മൈനിങ് ആന്റ് ജിയോളജി വകുപ്പു ചുമത്തിയ ശിക്ഷയില്‍ ഇളവ് അനുവദിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് അധികാരമുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.നിയമവിരുദ്ധ ഖനനം നടത്തിയ വ്യക്തിക്ക് രാഷ്ട്രീയമായും ഉദ്യോഗസ്ഥ തലത്തിലും വഴിവിട്ട സഹായങ്ങളും ആനുകൂല്യങ്ങളും ലഭിച്ചതായി ഓംബുഡ്‌സ്മാനും വിജിലന്‍സും നടത്തിയ തെളിവെടുപ്പില്‍ വ്യക്തമായിട്ടുണ്ട്. ഖനനം നടന്ന സ്ഥലം വാങ്ങിയതിലും ക്രമക്കേടു കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടന്നുവരുകയാണ്.
Next Story

RELATED STORIES

Share it