ക്രിക്കറ്റ് മല്‍സരം തടയുമെന്ന് ഹര്‍ദിക്ക് പട്ടേലിന്റെ ഭീഷണി

രാജ്‌കോട്ട്: ഞായറാഴ്ച സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് മല്‍സരം ബി.ജെ.പിയും ഹര്‍ദിക് പട്ടേലും തമ്മിലുള്ള പോരിന് വഴിവച്ചു. പട്ടേല്‍ സമുദായാംഗങ്ങള്‍ക്ക് ടിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മല്‍സരം തടയുമെന്നാണ് ഹ ര്‍ദികിന്റെ ഭീഷണി. 28,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ 20,000 ടിക്കറ്റുകളും ബി. ജെ.പിക്കാര്‍ക്കാണു നല്‍കിയത്. ബി.ജെ.പി. അംഗങ്ങള്‍ നരേന്ദ്രമോദിയുടെ ഫോട്ടോ പതിച്ച ടീ ഷര്‍ട്ട് ധരിച്ച് സ്റ്റേഡിയത്തിലെത്താനാണു പദ്ധതിയിട്ടത്.

സ്റ്റേഡിയത്തിലേക്ക് ഇരുടീമുകളും എത്തുന്ന വഴി തടയുമെന്നും സ്റ്റേഡിയം വളയുമെന്നും ഹര്‍ദിക് പറഞ്ഞു. ബി.ജെ.പി. ക്രിക്കറ്റ് മല്‍സരത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി നിരഞ്ജന്‍ ഷാ ആരോപണം നിഷേധിച്ചു. മുമ്പു ചെയ്തതുപോലെയാണ് മല്‍സരം സംഘടിപ്പിച്ചതെന്നും ഇത്തവണ ടിക്കറ്റ് വിതരണത്തിനു തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതു മാത്രമാണ് വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങള്‍ക്ക് എത്ര ടിക്കറ്റ് നല്‍കിയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. മല്‍സരത്തിന് കനത്ത സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റേഡിയത്തില്‍ 21,000 പോലിസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it