ക്രിക്കറ്റ് അഴിമതി: ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡിഡിസിഎ അഴിമതിക്കേസില്‍ ആര്‍ക്കും ശുദ്ധിപത്രം നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അഴിമതി അന്വേഷിക്കാനായി ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗസമിതിയുടെ റിപോര്‍ട്ടില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പേരില്ലെന്ന വാര്‍ത്തകളെ തുടര്‍ന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.
ജെയ്റ്റ്‌ലിക്കെതിരായ അഴിമതിയാരോപണങ്ങളില്‍ മാപ്പുപറയില്ല. ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഉത്തരവാദികള്‍ ആരെന്നു മാത്രം റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടില്ല. ആരോപണങ്ങളുടെ പേരില്‍ താന്‍ ആരോടും മാപ്പുപറയില്ലെന്നും ബിജെപി തന്നോട് മാപ്പ് യാചിക്കുകയാണെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
ഞായറാഴ്ചയാണ് ഡിഡിസിഎ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച മൂന്നംഗ കമ്മീഷന്റെ റിപോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചത്. ജെയ്റ്റ്‌ലിയുടെ പേരില്ലാതെ റിപോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ആരോപണങ്ങളുന്നയിച്ച ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ മാപ്പുപറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
വിജിലന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചേതന്‍ സന്‍ഗിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി നല്‍കിയ റിപോര്‍ട്ടില്‍ അഴിമതി നടന്നിട്ടുണ്ടെന്നു വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഇക്കാലത്ത് ഡിഡിസിഎയുടെ തലപ്പത്തിരുന്ന ജെയ്റ്റ്‌ലിയുടെ പേര് ഇതില്‍ പരാമര്‍ശിച്ചിരുന്നില്ല.
അതിനിടെ, ഡിഡിസിഎ അഴിമതിയെക്കുറിച്ച് അന്വേഷിക്കാമെന്ന് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം കെജ്‌രിവാളിന് ഉറപ്പുനല്‍കി. തന്റെ അധ്യക്ഷതയില്‍ ഒരു സമിതിയെ നിയോഗിക്കാമെന്ന ഡല്‍ഹി കാബിനറ്റ് തീരുമാനം സ്വീകരിക്കുന്നതായി ഗോപാല്‍ സുബ്രഹ്മണ്യം മുഖ്യമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കി. സംഭവത്തില്‍ സുതാര്യവും കുറ്റമറ്റതുമായ രീതിയില്‍ തുറന്ന മനസ്സോടെ അന്വേഷണം നടത്തും. ഏതു നിയമസംവിധാനത്തിനും പരിശോധിക്കാവുന്ന തരത്തില്‍ റിപോര്‍ട്ട് തയ്യാറാക്കുമെന്നും ഗോപാല്‍ സുബ്രഹ്മണ്യം കെജ്‌രിവാളിന് ഉറപ്പുനല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it