palakkad local

ക്രഷ് ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളമില്ല; കുടുംബങ്ങള്‍ പട്ടിണിയില്‍

പാലക്കാട്: ജില്ലയിലെ ശിശുക്ഷേമ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രഷ് ജീവനക്കാര്‍ക്ക് 18 മാസമായി ശമ്പളമില്ല. ശമ്പളം മുടങ്ങിയതോടെ ബഹുഭൂരിപക്ഷം കുടുംബങ്ങളും പട്ടിണിയിലാണ്.
2016 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒമ്പത് മാസത്തെ ശമ്പളം കേന്ദ്രസര്‍ക്കാരും, 2017 ജൂലായ് മുതല്‍ 2018 മാര്‍ച്ച് വരെയുള്ള ഒമ്പത് മാസത്തെ ശമ്പളം സംസ്ഥാന സര്‍ക്കാരും നല്‍കാനുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലായിരുന്ന ശിശുക്ഷേമ സമിതി  2017ലാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്.
തുടര്‍ന്നുള്ള ആറ് മാസം കൃത്യമായി ശമ്പളം ലഭിച്ചെങ്കിലും പിന്നീട് കാര്യങ്ങള്‍ കൈവിട്ടുപോകുകയായിരുന്നു.
സര്‍ക്കാര്‍ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് നല്‍കുന്ന തുക പിന്നീട് ജീവനക്കാര്‍രുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയാണ് പതിവ്. അധ്യാപികയ്ക്ക് 3000 രൂപയും സഹായിക്ക് 1500 രൂപയുമാണ് ലഭിക്കുന്ന ശമ്പളം.
സംസ്ഥാനത്ത് ആകെ 220 ക്രഷുകളാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ മാത്രം ആകെ 26 ക്രഷുകളുണ്ട്. ഒരോന്നിലും ഒരു അദ്ധ്യാപികയും ഒരു ഹെല്‍പറുമാണ് ഉള്ളത്.
ഒരു ക്രഷില്‍ മിനിമം 25 കുട്ടികളെയാണ് പരിപാലിക്കുക. നിലവില്‍ പലയിടത്തും 35 കുട്ടികള്‍ വരെയുണ്ട്. മൂന്ന് വയസ് പ്രായമുള്ള കുട്ടികളെയാണ് ഇവിടെ പരിപാലിക്കുക. കുട്ടികളുടെ ചെലവിന് ലഭിക്കേണ്ട തുകയും സര്‍ക്കാരില്‍ നിന്ന് ലഭിക്കാറില്ല. ആദ്യകാലങ്ങളില്‍ ഒരു കുട്ടിയുടെ ചെലവ് 2.8 രൂപയായിരുന്നു. പിന്നീട്  2016 മുതല്‍ 12 രൂപയാക്കി ഉയര്‍ത്തി. അതുപോലും ലഭിക്കുന്നില്ല. സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മറ്റുമാണ് ജില്ലയിലെ ക്രഷുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു കുട്ടിയ്ക്ക് മിനിമം ചെലവ് 25 രൂപയെങ്കിലും ആക്കണമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
മതിയായ ഫണ്ടില്ലെന്ന് പറഞ്ഞ് ക്രഷ് ജീവനക്കാരുടെ ശമ്പളവും കുട്ടികളുടെ ചെലവിനുള്ള തുകയും തുടര്‍ന്നും കിട്ടാതെ വന്നാല്‍ പ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലാകും. ഈ വിഷയത്തില്‍ ജീവനക്കാര്‍ കഴിഞ്ഞ എട്ടിന് മനുഷ്യവകാശ കമ്മിഷന് പരാതി നല്‍കി.
Next Story

RELATED STORIES

Share it