Flash News

ക്രഷര്‍ യൂനിറ്റുകളുടെ പേരില്‍ ഭൂമി തട്ടിപ്പ്‌ : എളമരം കരീമിന്റെ ബന്ധുവിന് എതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷന്‍ കമ്മിറ്റി



കോഴിക്കോട്: ക്വാറി, ക്രഷര്‍ യൂനിറ്റുകള്‍ സ്ഥാപിക്കാനെന്ന വ്യാജേന മുന്‍ മന്ത്രി എളമരം കരീമിന്റെ ബന്ധു ടി പി നൗഷാദ് ജില്ലയുടെ പലഭാഗങ്ങളില്‍ നിന്നായി 55 ഏക്കറോളം ഭൂമി തട്ടിയെടുത്തെന്ന പരാതിയില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസ് അട്ടിമറിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതായി ആക്ഷേപം. ക്രഷര്‍ യൂനിറ്റുകളുടെ പേരില്‍ ഭൂമി തട്ടിപ്പിനിരയായവരുടെ ആക്ഷന്‍ കമ്മിറ്റിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ആക്ഷന്‍ കമ്മിറ്റിയുടെ പരാതിയില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുന്ന കേസുകള്‍ മിസ്റ്റേക്ക് ഓഫ് ഫാക്ട് ആയി പരിഗണിക്കുന്നതിന് റിപോര്‍ട്ട് തയ്യാറാക്കി അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് അയച്ചിരിക്കുകയാണ്. ഈ നടപടി തികച്ചും ഏകപക്ഷീയവും ക്രൈംബ്രാഞ്ചിലെ തന്നെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപോര്‍ട്ടുകള്‍ക്ക് വിരുദ്ധവുമാണ്. 2015ല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി ടി ബാലന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ടി പി നൗഷാദ് നടത്തിയ തട്ടിപ്പുകള്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍, അന്തിമ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ യുഡിഎഫ് സര്‍ക്കാര്‍ അദ്ദേഹത്തെ മാറ്റി. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതില്‍ എളമരം കരീമിന് പങ്കുണ്ടെന്നും എല്‍ഡിഎഫ് ഭരണത്തിലെന്ന പോലെ യുഡിഎഫ് ഭരണത്തിലും കേസില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു. വാര്‍ത്താസമ്മേളനത്തില്‍ കെ പി വേലായുധന്‍, മുല്ലവീട്ടില്‍ ഷെബീര്‍ അലി പങ്കെടുത്തു.
Next Story

RELATED STORIES

Share it