Flash News

ക്രയോ ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ്പി വികസിപ്പിച്ചവര്‍ക്ക് രസതന്ത്ര നൊബേല്‍



സ്റ്റോക്‌ഹോം: ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ പങ്കിട്ടു. ജൈവ തന്‍മാത്രകളെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ സഹായിക്കുന്ന ലളിതവും നൂതനവുമായ സൂക്ഷ്മദര്‍ശന വിദ്യ (ക്രയോ ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ്പി) വികസിപ്പിച്ചെടുത്ത ഴാക് ദുബോഷെ, ജൊവാക്കിം ഫ്രാങ്ക്, റിച്ചാര്‍ഡ് ഹെന്‍ഡേഴ്‌സണ്‍ എന്നിവരാണു പുരസ്‌കാരം നേടിയത്.  ക്രയോ ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ്പി എന്ന ഈ സംവിധാനത്തിലൂടെ സിക വൈറസിന്റെ ആവരണത്തിലേതു പോലെ ആന്റിബയോട്ടിക് പ്രതിരോധമുളള പ്രോട്ടീനുകള്‍ മുതല്‍ എല്ലാത്തിന്റെയും ചിത്രങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയും. ഗവേഷണങ്ങള്‍ക്കിടെ മുമ്പു വിട്ടുപോയ ഭാഗങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണു നിരീക്ഷിക്കപ്പെടുന്നത്. ജീവന്റെ രസതന്ത്രത്തിലേക്കുള്ള ഉള്ളറകളിലേക്കും പുതിയ മരുന്നുകള്‍ വികസിപ്പിച്ചെടുക്കുന്നതിനും ക്രയോ ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ്പി സഹായിക്കും.മൂവരുടെയും പ്രയത്‌നം ബയോ കെമിസ്ട്രിയെ പുതിയ യുഗത്തിലേക്കു നയിക്കുകയാണെന്നു നൊബേല്‍ സമ്മാനം നല്‍കിവരുന്ന റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പ്രസ്താവിച്ചു. ഒമ്പതു ദശലക്ഷം സ്വീഡിഷ് ക്രൗണാണ് (ഏകദേശം 7.2 കോടി രൂപ) പുരസ്‌കാരത്തുക. സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിയായ ഴാക് ദുബോഷെ ബയോഫിസിസ്റ്റ് ആണ്. എംബല്‍ ഹെയ്‌ഡെല്‍ബെര്‍ഗ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ലൗസാനെ സര്‍വകലാശാലയില്‍ പ്രഫസറാണ്. കൊളംബിയ സര്‍വകലാശാലയിലെ പ്രഫസറാണ് ജര്‍മന്‍ സ്വദേശിയായ ജൊവോക്കിം ഫ്രാങ്ക്. മോളിക്യുലാര്‍ ബയോളജിസ്റ്റും ബയോഫിസിസ്റ്റുമായ റിച്ചാര്‍ഡ് ഹെന്‍ഡേഴ്‌സണ്‍ സ്‌കോട്ട്‌ലന്‍ഡ് സ്വദേശിയാണ്.കൃത്രിമ തന്മാത്രകളില്‍ സ്വയം പ്രവര്‍ത്തിക്കുന്ന കുഞ്ഞന്‍ യന്ത്രങ്ങളെ സൃഷ്ടിച്ചെടുത്ത മൂന്നു ശാസ്ത്രജ്ഞര്‍ക്കായിരുന്നു 2016ലെ നൊബേല്‍ പുരസ്‌കാരം. ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ് സര്‍വകലാശാലാ പ്രഫ. ഴാന്‍ പിയറി സവാഷ്, യുഎസിലെ എവന്‍സ്റ്റണ്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ പ്രഫസറും ബ്രിട്ടിഷുകാരനുമായ ജെ ഫ്രേസര്‍ സ്‌റ്റൊഡാര്‍ട്ട്, ഹോളണ്ടിലെ ഗ്രോണിഗെന്‍ സര്‍വകലാശാലാ പ്രഫ. ബെര്‍ണാഡ് ഫെറിന്‍ഗ എന്നിവരായിരുന്നു ജേതാക്കള്‍.
Next Story

RELATED STORIES

Share it