kannur local

ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ചാല ചിന്‍ ടെക്കിലാണ് 11 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍. 19നു രാവിലെ എട്ടിനു വോട്ടെണ്ണല്‍ ആരംഭിക്കും. ഓരോ മണ്ഡലത്തിന്റെയും ഹാളില്‍ 14 ടേബിളുകളാണ് വോട്ടെണ്ണലിനായി ക്രമീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ ഓരോ മണ്ഡലത്തിലെയും റിട്ടേണിങ് ഓഫിസറുടെ നേതൃത്വത്തില്‍ പ്രത്യേക ടേബിളിലായിരിക്കും പോസ്റ്റല്‍ ബാലറ്റ് എണ്ണുക. ഓരോ കൗണ്ടിങ് ടേബിളിലും ഒരു കൗണ്ടിങ് സൂപര്‍വൈസറും രണ്ടുവീതം കൗണ്ടിങ് അസിസ്റ്റന്റുമാരും ഉണ്ടാകും. കൗണ്ടിങ് ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടവരുടെ രണ്ടാംഘട്ട റാന്റമൈസേഷന്‍ നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ഇന്നലെ ജില്ലാ കലക്ടര്‍ നടത്തി. തുടര്‍ന്ന് ഓരോ മണ്ഡലത്തിലേക്കും നിയോഗിക്കേണ്ടവര്‍ക്കുള്ള നിയമന ഉത്തരവ് അയച്ചു തുടങ്ങി. വോട്ടെടുപ്പ് കഴിഞ്ഞ 1629 ബൂത്തുകളിലേയും ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ തിങ്കളാഴ്ച രാത്രിയോടെ ചിന്‍ടെക്കിലെത്തിച്ചിരുന്നു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇവ സീല്‍ചെയ്ത് ഓരോ മണ്ഡലത്തിലെയും സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ഈ നടപടികള്‍ പൂര്‍ത്തിയായത്. സ്‌ട്രോങ് റൂമിന്റെ സുരക്ഷ കേന്ദ്ര സേനയ്ക്കാണ്.
ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക
ബസ് സര്‍വീസ്
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസമായ 19ന് രാവിലെ വോട്ടെണ്ണല്‍ പ്രക്രിയക്കു നിയോഗിച്ച ഉദ്യോഗസ്ഥരുടെ യാത്രാ സൗകര്യാര്‍ഥം പയ്യന്നൂര്‍, തലശ്ശേരി, ഇരിട്ടി തുടങ്ങിയ ഭാഗങ്ങളില്‍ നിന്നു കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വൈകീട്ട് 4.45നെത്തും വിധത്തില്‍ ബസ് സൗകര്യം ഉണ്ടായിരിക്കും. ബസ്സുകള്‍ കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെത്തുന്ന മുറയ്ക്ക് ചാല ചിന്‍മയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലേക്ക് പ്രത്യേക ബസ് പുറപ്പെടും. മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ഡെപ്യൂട്ടി കലക്ടര്‍(ഇലക്ഷന്‍) അറിയിച്ചു.
Next Story

RELATED STORIES

Share it