ക്രമക്കേടില്‍ നടപടിക്ക് ശുപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നെന്ന് ആക്ഷേപം

തിരുവനന്തപുരം: ക്രമക്കേടുകള്‍ നടത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്ത ഉന്നത ഉദ്യോഗസ്ഥനെ ആഭ്യന്തര, വ്യവസായ വകുപ്പുകള്‍ സംരക്ഷിക്കുന്നതായി ആക്ഷേപം. സിഡ്‌കോ മുന്‍ എംഡിയും നിലവില്‍ കെഎസ്‌ഐഇ എംഡിയുമായ സജി ബഷീറിനെതിരേയാണ് ആരോപണം ഉയര്‍ന്നത്. വിജിലന്‍സും ആഭ്യന്തര സെക്രട്ടറിയും എജിയും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടും ആഭ്യന്തരമന്ത്രി അംഗീകാരം നല്‍കിയില്ല. രണ്ട് വിജിലന്‍സ് കേസുകളില്‍ ഒന്നാം പ്രതിയായ സജി ബഷീര്‍ ആറ് വിജിലിന്‍സ് കേസുകളില്‍ അന്വേഷണവും നേരിടുന്നുണ്ട്.
2010-11 കാലയളവില്‍ സിഡ്‌കോ എംഡിയായിരിക്കെ കഴക്കൂട്ടം മേനംകുളം ടെക്‌നോസിറ്റി പ്രദേശത്തെ മണല്‍ വിറ്റതില്‍ 5.19 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഒലവക്കോട് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ സ്ഥലങ്ങള്‍ 1996 ഏപ്രില്‍ മുതല്‍ 2013 നവംബര്‍ വരെയുള്ള കാലത്ത് ചട്ടംലഘിച്ച് വാടകയ്ക്കു നല്‍കിയതില്‍ 1.18 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് രണ്ടാമത്തെ കേസ്.
സജി ബഷീര്‍ സ്ഥാനത്തു തുടര്‍ന്നാല്‍ തുടരന്വേഷണം അട്ടിമറിക്കുമെന്ന് വിജിലന്‍സ് ആഭ്യന്തരവകുപ്പിനെ അറിയിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടറും ആഭ്യന്തര സെക്രട്ടറിയും നിയമോപദേശം നല്‍കിയ എജിയും സസ്‌പെന്‍ഷനെ അനുകൂലിച്ചു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ നീതീകരിക്കാനാവില്ലെന്നും അന്വേഷണം വേഗത്തില്‍ തീര്‍ക്കണമെന്നും ആഭ്യന്തരമന്ത്രി ഫയലില്‍ എഴുതുകയായിരുന്നു.
Next Story

RELATED STORIES

Share it