Flash News

ക്രമക്കേടിന് കളമൊരുക്കി പിഎസ്‌സി

റസാഖ്   മഞ്ചേരി

പാലക്കാട്: എല്‍പി സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ ക്രമക്കേടിനു കളമൊരുക്കി പിഎസ്‌സിയുടെ ഇന്റര്‍വ്യൂ ക്രമീകരണം. എല്ലാവര്‍ക്കും അതതു ജില്ലകളിലോ സമീപ ജില്ലകളിലോ അഭിമുഖം നടത്തുമ്പോള്‍ പാലക്കാട്, മലപ്പുറം ജില്ലക്കാരുടെ അഭിമുഖം തിരുവനന്തപുരത്താണു നടക്കുക. 4000ഓളം ഉദ്യോഗാര്‍ഥികളാണ് എല്‍പിഎസ്എ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനായി മലപ്പുറം, പാലക്കാട് ജില്ലകളില്‍നിന്നുള്ളത്. ഇതില്‍ ഭൂരിഭാഗവും വനിതകളും. ജൂണ്‍ 6 മുതല്‍ 29 വരെയാണ് അഭിമുഖം. ഇത്രയധികം ദൂരം യാത്രചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ട അവസ്ഥ ഈ രണ്ടു ജില്ലക്കാര്‍ക്കു മാത്രമാണ്. ഇത് പെര്‍ഫോമന്‍സിനെ സാരമായി ബാധിക്കും. അഭിമുഖത്തിനെത്തുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള തന്ത്രമാണ് ഇതെന്നും വിലയിരുത്തലുണ്ട്. തിരുവനന്തപുരത്തായതിനാല്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ തെക്കന്‍ജില്ലയില്‍നിന്നുള്ളവരാവുമെന്നതും തിരിമറിക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ജില്ലാ അടിസ്ഥാനത്തിലുള്ള നിയമനങ്ങള്‍ക്ക് പൊതുവി ല്‍ അതതു ജില്ലകളില്‍ തന്നെയാണ് അഭിമുഖം നടത്താറ്. എന്നാല്‍, അഭിമുഖം നടത്താന്‍ മലപ്പുറത്തും പാലക്കാട്ടും സൗകര്യമുണ്ടായിരിക്കെ തിരുവനന്തപുരത്തേക്കു മാറ്റി അവിടെ 12 ഇന്റര്‍വ്യൂ ബോര്‍ഡുകള്‍ സജ്ജീകരിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കോഴിക്കോട്, വയനാട്, എറണാകുളം ജില്ലക്കാര്‍ക്ക് അതതു ജില്ലകളില്‍ തന്നെയാണ് അഭിമുഖം. പത്തനംതിട്ട, ഇടുക്കി ജില്ലകളിലും അതതിടങ്ങളില്‍ തന്നെ. കുറച്ചുപേര്‍ക്കു മാത്രം തൊട്ടടുത്ത് എറണാകുളത്തായിരിക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കുറച്ചുപേര്‍ക്കു കോഴിക്കോട്ട് വച്ചും നടക്കുന്നുണ്ട്. ബാക്കിയുള്ളവര്‍ക്ക് സ്വന്തം ജില്ലയില്‍ തന്നെയാണ് അഭിമുഖം. പിഎസ്്‌സി അഭിമുഖം നടത്താത്ത രണ്ടു ജില്ലകളാണ് മലപ്പുറവും പാലക്കാടും. ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ഥികളുള്ളത് മലപ്പുറത്താണെന്നതും ശ്രദ്ധേയമാണ്.
ഇന്റര്‍വ്യൂ നടക്കുന്ന ദിവസങ്ങളില്‍ മലപ്പുറം, പാലക്കാട് പിഎസ്‌സി ഓഫിസുകളില്‍ മറ്റൊരു തിരക്കും ഇല്ലതാനും. പിന്നാക്കപ്രദേശമാണെന്ന നിലയില്‍ കാലങ്ങളായി തെക്കന്‍ ജില്ലയില്‍നിന്നുള്ളവര്‍ ധാരാളമായി മലപ്പുറം, പാലക്കാട് ജില്ലകളില്‍ അപേക്ഷിക്കാറുണ്ട്. ഇത്തരക്കാര്‍ക്കു ചുളുവില്‍ അവസരമൊരുക്കാനുള്ള നീക്കമാണ് പിഎസ്‌സിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ഇരുജില്ലക്കാരുടെയും യാത്രാപ്രയാസങ്ങളും ഇന്റര്‍വ്യൂ ബോര്‍ഡിലെ തെക്കന്‍സാന്നിധ്യവും തെക്കുനിന്നുള്ളവര്‍ക്കു ഗുണം ചെയ്യും. പിന്നാക്ക ജില്ലക്കാരുടെ സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നമാണ് പിഎസ്‌സിയുടെ ഇരട്ടത്താപ്പുമൂലം പൊലിയുന്നത്.
Next Story

RELATED STORIES

Share it