World

ക്യൂബ: വിമാനം തകര്‍ന്ന് 107 മരണം

ഹവാന(ക്യൂബ): ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ യാത്രാവിമാനം ടേക്ഓഫിനിടെ തകര്‍ന്നു വീണ് തീപ്പിടിച്ച് 107 പേര്‍ മരിച്ചു. മൂന്നുസ്ത്രീകള്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടതായി ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ ഗ്രാന്‍മ റിപോര്‍ട്ട് ചെയ്തു. ജോസ് മാര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു 104 യാത്രക്കാരടക്കം 110 പേരുമായി പറന്നുയര്‍ന്ന ബോയിങ് 737 വിമാനമാണ് തകര്‍ന്നത്. തകര്‍ന്ന വിമാനത്തിന് 39 വര്‍ഷം പഴക്കമുള്ളതായും റിപോര്‍ട്ടുണ്ട്.
ക്യൂബന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള “ക്യുബാന’ കമ്പനി  മെക്‌സികോയില്‍ നിന്നുവാടകയ്‌ക്കെടുത്ത  വിമാനമാണ് തകര്‍ന്നത്.  വിമാനക്കമ്പനി ജീവനക്കാരെല്ലാം വിദേശപൗരന്മാരാണ്.  സമീപത്തെ കൃഷിസ്ഥലത്തേക്കാണ് വിമാനം തകര്‍ന്നുവീണതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. വിമാനത്താവളത്തിന് രണ്ടു കിലോമീറ്ററിനുള്ളില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു.
അപകടവിവരമറിഞ്ഞ് ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനല്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ക്യൂബയുടെ കിഴക്കന്‍ നഗരമായ ഹൊല്‍ഗ്യുനിലേക്കു പോവുകയായിരുന്നു വിമാനം.   സാങ്കേതിക തകരാറുകള്‍ പതിവായതോടെ പഴക്കം ചെന്ന വിമാനങ്ങള്‍ ക്യുബാന വിമാനക്കമ്പനി സര്‍വീസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇവയ്ക്കു പകരം സര്‍വീസിനായി മെക്‌സിക്കോയിലെ ഒരു വിമാനക്കമ്പനിയില്‍ നിന്നു വാടകയ്‌ക്കെടുത്ത വിമാനങ്ങളിലൊന്നാണ് തകര്‍ന്നത്.
Next Story

RELATED STORIES

Share it