Pravasi

ക്യുഎന്‍എ വെബ്‌സൈറ്റ് ഹാക്ക് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും



ദോഹ: ഖത്തര്‍ ന്യൂസ് എജന്‍സിയുടെ (ക്യുഎന്‍എ) വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് തെറ്റായ വാര്‍ത്തകള്‍ പുറത്തുവിട്ടവരെ കണ്ടെത്തി നിമയത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ഖത്തര്‍ വിദേശ കാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ആല്‍ഥാനി. രാജ്യാന്തര നിയമ സംവിധാനങ്ങളുടെ സഹായത്തോടെ രാജ്യത്തിനകത്തും പുറത്തും കുറ്റക്കാര്‍ക്കെതിരായ നിയമ നടപടികളുമായി മുന്നോട്ട് പോവും. അപ്രതീക്ഷിതമായ ഇലക്‌ട്രോണിക് ആക്രമണമാണ് നടന്നത്. ഖത്തറിനെ ലക്ഷ്യമിട്ട് തുടര്‍ച്ചയായി നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ  ഭാഗമായാണ് ഇതിനെ കാണുന്നത്. എന്നാല്‍, ഇത് ഗള്‍ഫ് രാജ്യങ്ങളുമായോ അമേരിക്കയുമായോ ഉള്ള ഖത്തറിന്റെ സൗഹൃദത്തെ ബാധിക്കില്ലെന്നും ഈ രാജ്യങ്ങളുമായെല്ലാം സംഭവത്തിനു ശേഷം സൗഹൃദ ആശയ വിനിമയങ്ങള്‍ നടന്നു വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിനെതിരെ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം നടക്കുന്നുണ്ട്. പ്രധാനമായും അമേരിക്കന്‍ മാധ്യമങ്ങളാണ് ഇത് ഏറ്റു പിടിച്ചിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കിടെ 13 എഡിറ്റോറിയലുകളാണ് ഖത്തറിനെതിരെ പടിഞ്ഞാറന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. ക്യുഎന്‍എ വൈബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട ദിവസം ഖത്തര്‍ വിഷയം ചര്‍ച്ച ചെയ്യാനായി ഒരു കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ക്കപ്പെട്ടിരുന്നു. രാജ്യത്തിന്റെ പ്രാതിനിധ്യമില്ലാതെ മീറ്റിങ് നടന്ന അതേ ദിവസം വൈകുന്നേരമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. ക്യുഎന്‍എ സൈറ്റില്‍ വ്യാജമായി ചേര്‍ത്ത ഉള്ളടക്കം എഴുതിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടാകണം. സമ്മേളനവും വെബ്‌സൈറ്റ് ഹാക്ക് ചെയ്യലും ഒരേ ദിവസമായത് യാദൃച്ഛികമായി കരുതാമോ എന്നും മന്ത്രി ചോദിച്ചു. ജിസിസി സഹോദര രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഖത്തറിനുള്ളത്. റിയാദില്‍ നടന്ന ഉച്ച കോടിയില്‍ വളരെ പോസിറ്റീവായ ചര്‍ച്ചകളാണ് ഗള്‍ഫ് രാജ്യങ്ങളുടെ സൗഹൃദ ബന്ധത്തിന്‍മേല്‍ നടന്നത്.  അമേരിക്കയുമായും ഖത്തറിന് മികച്ച നയതന്ത്ര, സൗഹൃദ ബന്ധമാണുള്ളത്. ഈ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ പുതിയ സാഹചര്യങ്ങള്‍ക്ക് സാധിക്കുമെന്നു കരുതുന്നില്ല. മേഖലയിലെയും ആഗോള തലത്തിലെയും സൗഹൃദങ്ങളെ ഇല്ലാതാക്കുന്ന ഒരു പരാമര്‍ശവും അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി നടത്തിയിട്ടില്ലെന്ന് വിദേശ കാര്യ മന്ത്രി വ്യക്തമാക്കി. രാജ്യത്ത് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ കരുതല്‍ ഉണ്ടെങ്കില്‍ പോലും അപ്രതീക്ഷിതവും അത്യപൂര്‍വവുമായ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. സംഭവം വളരെ ഗൗരവപൂര്‍വമാണ് രാജ്യം കാണുന്നത്. അന്വേഷണം നടത്തി കൃത്യതതയും സുതാര്യതയുമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ചേര്‍ക്കപ്പെട്ട വിവാദ ഉള്ളടക്കം പിന്‍വലിക്കുകയും വ്യാജമാണെന്ന് അറിയിക്കുകയും ചെയ്ത ശേഷവും ചില ഗള്‍ഫ് മാധ്യമങ്ങള്‍ അവ പ്രസിദ്ധപ്പെടുത്തുന്നതു ചൂണ്ടിക്കാണിച്ചപ്പോള്‍ അത് ആശ്ചര്യമുണ്ടാക്കുന്നതാണെന്നും ഗള്‍ഫ് നാടുകളുമായി ഖത്തറിന് ഒരു പ്രശ്‌നവുമില്ലെന്നും വിദേശകാര്യ മന്ത്രി പ്രതികരിച്ചു. ഇന്നലെ സോമാലിയന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ഉമറുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഇരു മന്ത്രിമാരും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ശെയ്ഖ് അബ്ദുര്‍റഹ്മാന്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ചത്.
Next Story

RELATED STORIES

Share it