ക്യാപ്റ്റനെതിരേ കലാപക്കൊടി; അഞ്ചു ക്രിക്കറ്റ് താരങ്ങള്‍ക്ക് വിലക്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരേ പരാതി നല്‍കിയ വിഷയത്തില്‍ കേരളത്തിന്റെ രഞ്ജി താരങ്ങള്‍ക്കെതിരേ അച്ചടക്ക നടപടിയുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍. തിരുവനന്തപുരത്ത് ചേര്‍ന്ന കെസിഎ യോഗത്തില്‍ ഏകകണ്ഠമായാണ് തീരുമാനം. ടീമിനുള്ളില്‍ ഗൂഢാലോചന നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. റൈഫി വിന്‍സെന്റ് ഗോമസ്, സന്ദീപ് എസ് വാര്യര്‍, രോഹന്‍ പ്രേം, ആസിഫ് കെ എം, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ക്ക് അടുത്ത മൂന്ന് ബിസിസിഐ ഏകദിന മല്‍സരത്തില്‍ നിന്നു സസ്‌പെന്‍ഷനും മൂന്നു ദിവസത്തെ ബിസിസിഐ ഏകദിന മാച്ച് ഫീസിന് തുല്യമായ തുക പിഴയും ചുമത്തും. അഭിഷേക് മോഹന്‍, അക്ഷയ് കെ സി, ഫാബിദ് ഫാറൂഖ് അഹമ്മദ്, എം ഡി നിധീഷ്, സഞ്ജു സാംസണ്‍, സല്‍മാന്‍ നിസാര്‍, സിജോമോന്‍ ജോസഫ്, വി എ ജഗദീഷ് എന്നിവര്‍ക്ക് മൂന്നു ദിവസത്തെ ബിസിസിഐ ഏകദിന മാച്ച് ഫീസിന് തുല്യമായ തുക പിഴ ചുമത്തി.
നേരത്തേ സച്ചിന്‍ ബേബിക്കെതിരേ കെസിഎക്ക് 13 കേരളതാരങ്ങള്‍ ഒപ്പിട്ട കത്തു നല്‍കിയിരുന്നു. സച്ചിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് കത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നത്. സച്ചിന്‍ തന്നിഷ്ടപ്രകാരമാണ് പെരുമാറുന്നതെന്നും സച്ചിന്റെ ഈ പെരുമാറ്റം കാരണം കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ ചരിത്രവിജയത്തില്‍ പങ്കാളികളായ ടീമംഗങ്ങളില്‍ ചിലര്‍ മറ്റു സംസ്ഥാനങ്ങള്‍ക്കായി കളിക്കാന്‍ പോയെന്നും കത്തില്‍ പറയുന്നു. എന്നാല്‍, സച്ചിനെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നാണ് കെസിഎയുടെ കണ്ടെത്തല്‍.
സംഭവത്തില്‍ കഴിഞ്ഞ 11ന് കളിക്കാരില്‍ നിന്നു വ്യക്തിപരമായി തെളിവെടുത്തിരുന്നു. 13ന് കാരണംകാണിക്കല്‍ നോട്ടീസും നല്‍കി. ഇതിന്റെ മറുപടിയുടെ കൂടി അടിസ്ഥാനത്തിലാണ് നടപടി. പിഴത്തുക സപ്തംബര്‍ 15ന് മുമ്പായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ച് തെളിവു ഹാജരാക്കാന്‍ കളിക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it