World

ക്യാംപുകള്‍ക്ക്് ബംഗ്ലാദേശ് കൂടുതല്‍ സ്ഥലം അനുവദിച്ചു

ധക്ക:  ജനബാഹുല്യം കാരണം റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപുകള്‍ മാരക പകര്‍ച്ചവ്യാധികളുടെ പിടിയിലകപ്പെടാനുള്ള സാധ്യത പരിഗണിച്ച് ക്യാംപുകള്‍ നിര്‍മിക്കാന്‍ കൂടുതല്‍ സ്ഥലം അനുവദിക്കാന്‍ ബംഗ്ലാദേശ് പദ്ധതി. 3000 ഏക്കര്‍ സ്ഥലമാണ് നേരത്തേ അഭയാര്‍ഥികള്‍ക്കായി  അനുവദിച്ചിരുന്നത്. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് 500 ഏക്കര്‍ ഭൂമികൂടി ക്യാംപുകള്‍ക്കായി വിട്ടുനല്‍കാന്‍ തീരുമാനിച്ചതായി ബംഗ്ലാദേശ് ദുരന്ത നിവാരണസമിതി അധികൃതര്‍ അറിയിച്ചു.ബംഗ്ലാദേശിന്റെ ദക്ഷിണ തീരത്തുള്ള താല്‍ക്കാലിക അഭയാര്‍ഥി ക്യാംപില്‍ നിലവില്‍ 8,37,000 റോഹിന്‍ഗ്യകളുണ്ടെന്നാണ് നിഗമനം. അഭയാര്‍ഥി ക്യാംപുകളില്‍ ലഭിക്കുന്ന 60 ശതമാനം വെള്ളവും മാലിന്യം കലര്‍ന്നതാണെന്നും താല്‍ക്കാലിക ശൗചാലയങ്ങളുടെ ആധിക്യം കിണറുകളെ മലിനമാക്കുന്നതായും ലോകാരോഗ്യ സംഘടന കണ്ടെത്തിയിരുന്നു. ക്യാംപുകളിലെ അഭയാര്‍ഥികളുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും ഇവരുടെ ഇടയില്‍ കോളറ, അതിസാരം അടക്കുമുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നതായും സന്നദ്ധപ്രവര്‍ത്തകനായ നയിം തലുക്ദര്‍ അറിയിച്ചു. തീരദേശത്ത് അഭയാര്‍ഥി ക്യാംപുകള്‍ തിങ്ങിനിറഞ്ഞിരിക്കുന്നതാണ് പകര്‍ച്ചവ്യാധികള്‍ക്കും കുടിവെള്ളം മലിനമാക്കപ്പെടാനും പ്രധാന കാരണമെന്നും ക്യാംപുകള്‍ നിര്‍മിക്കാന്‍ കൂടുതല്‍ സ്ഥലം അനുവദിക്കണമെന്നും ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) ആവശ്യപ്പെട്ടിരുന്നു. ക്യാംപുകളിലേക്ക് സൈന്യം റോഡ് നിര്‍മിച്ചുനല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.  ബംഗ്ലാദേശിനും മ്യാന്‍മറിനും ഇടയിലുള്ള ജനവാസയോഗ്യമല്ലാത്ത ദ്വീപില്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപോര്‍ട്ടുണ്ട്്. ഇവിടേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ സന്നദ്ധ സംഘടനകളെ ബംഗ്ലാദേശ് സൈന്യം അനുവദുക്കുന്നില്ല. ഇത് സ്ഥിതി കൂടുതല്‍ ദുരിതത്തിലാക്കുന്നതായും റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it