ക്യാംപുകളില്‍ ചുമടെടുത്ത് ദാദ്ര നാഗര്‍ഹവേലി കലക്ടര്‍

കൊച്ചി: പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള അവശ്യസാധനങ്ങളുടെ ശേഖരണവും വിതരണവും നടക്കുന്ന കാക്കനാട് കെബിപിഎസ് പ്രസ്സില്‍ വന്ന ലോറികളില്‍ നിന്നു സാധനങ്ങള്‍ ഇറക്കുന്ന സമയത്ത് അടുത്തു നിന്ന സ്ത്രീ 'എടോ ആ ചാക്കെടുത്ത് അകത്തുകൊണ്ടു പോയി വയ്ക്ക്' എന്നു പറഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ ചാക്കുകെട്ട് ചുമലില്‍ താങ്ങി അയാള്‍ അകത്തേക്കു പോയി. എല്ലാ ജോലിയും ചെയ്യാന്‍ തയ്യാറായി സപ്തംബര്‍ ഒന്നു മുതല്‍ അയാള്‍ കെബിപിഎസ് പ്രസ്സിലുണ്ട്. അയാള്‍ ആരാണെന്നറിഞ്ഞപ്പോള്‍ ചുറ്റുമുള്ളവര്‍ക്ക് അമ്പരപ്പായി. കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ ലീവെടുത്ത് വന്ന ദാദ്ര നാഗര്‍ഹവേലി കലക്ടര്‍ കണ്ണ ന്‍ ഗോപിനാഥന്‍. മൂന്നു ദിവസം ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ശേഷമാണ് അടുത്തദിവസം എറണാകുളത്ത് എത്തിയത്. ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയും സബ് കലക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെബിപിഎസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നതു ദാദ്രനഗര്‍ ഹവേലി കലക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്. എന്നിട്ടും എല്ലാവരും നോക്കിനില്‍ക്കെ അദ്ദേഹം വീണ്ടും പണിയില്‍ മുഴുകി. സ്വന്തം ബാച്ചുകാരന്‍ എസ് സുഹാസ് ജില്ലാ കലക്ടര്‍ ആയിരിക്കുന്ന ആലപ്പുഴയില്‍ പോലും ആരോടും ആരാണെന്നു വെളിപ്പെടുത്താതെ തന്നാല്‍ കഴിയുന്ന പോലെ പ്രവര്‍ത്തിച്ച ശേഷമാണു കണ്ണന്‍ ഗോപിനാഥന്‍ എറണാകുളത്തു പ്രവര്‍ത്തിക്കാനെത്തിയത്. ആളെ തിരിച്ചറിഞ്ഞ ശേഷം പലരും സെല്‍ഫി എടുക്കാനായി ചുറ്റും കൂടിയെങ്കിലും കലക്ടര്‍ അതെല്ലാം സ്‌നേഹപൂര്‍വം നിരസിച്ചു. ഒരു സന്നദ്ധപ്രവര്‍ത്തകനായി മാത്രം ജോലി ചെയ്യാനാണു താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആരുമറിയാതെ സേവനത്തിനായി ഇവിടെ എത്തിയ കലക്ടര്‍ കഴിഞ്ഞദിവസം ദാദ്ര നാഗര്‍ഹവേലിക്ക് തിരിച്ചുപോയി. 2012 ഐഎഎസ് ബാച്ചുകാരനായ കണ്ണന്‍ ഗോപിനാഥന്‍ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്.ആലുവ താലൂക്കില്‍ ഉള്‍പ്പെട്ട വില്ലേജുകളില്‍ പ്രളയ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞവര്‍ക്കുള്ള കിറ്റുകളുടെ തയ്യാറാക്കലും വിതരണവും ആണ് കെബിപിഎസില്‍ നടക്കുന്നത്. കോളജ് കുട്ടികളും മറ്റുമായി നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.
Next Story

RELATED STORIES

Share it