Flash News

കോവിന്ദിന് അണ്ണാ ഡിഎംകെ (അമ്മ) പിന്തുണ ; രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിച്ചു



ന്യൂഡല്‍ഹി: എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫിസറായ ലോക്‌സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്ര മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത്ഷാ, മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഒഴികെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പങ്കെടുത്തില്ല. പാര്‍ട്ടി രാഷ്ട്രീയത്തിനപ്പുറമാണ് രാഷ്ട്രപതി സ്ഥാനമെന്നും അതിന്റെ മഹത്വം കാത്തു സൂക്ഷിക്കുമെന്നും സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് പറഞ്ഞു. ബിഹാര്‍ ഗവര്‍ണറായി നിയമിതനായ ശേഷം താന്‍ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭാഗമല്ല. പിന്തുണയ്ക്കുന്ന എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മൂന്നു സെറ്റ് നാമനിര്‍ദേശ പത്രികയാണ് ഇന്ന് സമര്‍പ്പിച്ചത്. ഒരു സെറ്റ് കൂടി നാളെ സമര്‍പ്പിക്കും. എല്ലാ സെറ്റിലും 60 നേതാക്കള്‍ നിര്‍ദേശകരായും 60 നേതാക്കള്‍ പിന്താങ്ങുന്നവരായും ഒപ്പുവച്ചിട്ടുണ്ട്. നാമനിര്‍ദേശപത്രിക ഈ മാസം 28 വരെ സ്വീകരിക്കും. അടുത്തമാസം 17നാണ് വോട്ടെടുപ്പ്.  രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ (അമ്മ) എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി നേതാവ് ടി ടി വി ദിനകരന്‍ അറിയിച്ചു. പുതുച്ചേരി, തമിഴ്‌നാട് എന്നീ നിയമസഭകളിലെ പാര്‍ട്ടി എംഎല്‍എമാരും എംപിമാരും കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ഒ പന്നീര്‍ സെല്‍വത്തിന്റെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ നേരത്തെ കോവിന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it