Middlepiece

കോവിന്ദനും മീരാമ്മയും കുതികാല്‍വെട്ടുകളും

കോവിന്ദനും മീരാമ്മയും കുതികാല്‍വെട്ടുകളും
X






കുന്നത്തൂര്‍  രാധാകൃഷ്ണന്‍
പുതിയ രാഷ്ട്രപതിയെ കുടിയിരുത്താനുള്ള മാമാങ്കം ഇത്രത്തോളം രസകരമാവുമെന്ന് രാഷ്ട്രീയ ചാണക്യനായ കോരന്‍പോലും കരുതിയിരുന്നില്ല. മല്‍സരമൊന്നുമില്ലാതെ, പശുവിന്റെ സ്വഭാവമൊന്നുമില്ലാത്ത ഒരു ശാന്തശീലനെ പെരിയ സിംഹാസനത്തിലിരുത്തണമെന്ന് എന്‍ഡിഎയ്ക്കും പ്രതിപക്ഷത്തിനും ആഗ്രഹമുണ്ടായിരുന്നു. എന്തുകൊണ്ട് അതു സംഭവിച്ചില്ല? അതിനാണ് മോനെ നിമിത്തം എന്നു പറയുന്നത്. ഉദാഹരണമായി ഗള്‍ഫിലേക്ക് ജോലിക്കായി പറക്കാന്‍ ഒരുത്തന്‍ വിമാനത്താവളത്തില്‍ കാത്തിരിക്കുന്നുവെന്ന് സങ്കല്‍പിക്കുക. പെട്ടെന്ന് പോലിസ് വന്ന് ആടുമോഷണത്തിന് പരാതി ലഭിച്ചെന്നു പറഞ്ഞ് ടിയാനെ മന്ദംമന്ദം സ്റ്റേഷനിലേക്ക് ആനയിക്കുന്നു. ചോദ്യംചെയ്ത ശേഷം വിട്ടയക്കപ്പെട്ട ടിയാന്‍ തിടുക്കപ്പെട്ട് വിമാനത്താവളത്തിലെത്തുമ്പോള്‍ താന്‍ പറക്കേണ്ടിയിരുന്ന വിമാനം ആകാശനീലിമയില്‍ മറയുന്നത് കാണുന്നു. അപ്പോള്‍ പൊട്ടിത്തകരുന്ന ഇടനെഞ്ചിന്റെ ഉടമയെ കൂടി സങ്കല്‍പിക്ക് ബലാലേ. ഇപ്രകാരം നിമിത്തത്താല്‍ കപ്പിനും ചുണ്ടിനുമിടയില്‍ പെട്ട് സിംഹാസനം തെറിച്ചുപോയ സമവായമോഹികളുടെ കണക്കെടുത്തുവരുകയാണ് സാക്ഷാല്‍ കോരന്‍.മല്‍സരമില്ലാതെ തിരഞ്ഞെടുക്കുന്ന രാഷ്ട്രപതി അതിമഹാനായിരിക്കുമെന്ന് ആര്യബ്രാഹ്മണകക്ഷി നേതാവായ വെങ്കയ്യ നായിഡു സ്വാമിയും പ്രഭൃതികളും നേരത്തേ തന്നെ മനസ്സിലാക്കിയിരുന്നു. അതിനാലാണ് സോണിയാമ്മയെയും യെച്ചൂരിമാമനെയും നേരില്‍ കണ്ട് കാര്യം തിരക്കാന്‍ വെങ്കയ്യ സംഘം പുറപ്പെട്ടത്. സംഘത്തിന് ആവേശകരമായ സ്വീകരണമാണു ലഭിച്ചത്: ''വരൂ, വരൂ ആസനസ്ഥനാവൂ. കുടിക്കാന്‍ ചായയോ കാപ്പിയോ പെപ്‌സിയോ?''അപ്പോള്‍ വെങ്കയ്യന്‍ ചൂടായി: ''ച്ചെ പെപ്‌സി ഇവിടെ ഉപയോഗിക്കുന്നുണ്ടെന്നോ? അത് സായ്പിന്റേതല്ലേ? പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പരിപാടി കാംഗ്രസ്സും കമ്മ്യൂണിസ്റ്റും അറിഞ്ഞില്ല എന്നതിനെ നാണക്കേട് എന്നു വിശേഷിപ്പിക്കേണ്ടിവരും.''സോണിയാമ്മ ചിരിച്ചു. ''ങള് ആരെയാണു കണ്ടുവച്ചിരിക്കുന്നത്.''''ഞമ്മയ്ക്ക് കുറേ പേരുണ്ട്. ങളെ പഹയന്‍ ആരാന്ന് പറീന്ന്.''അത് മ്മളെ ട്രേഡ് സീക്രട്ടാണ് മോനേ എന്നു പറഞ്ഞ് വെങ്കയ്യന്‍ സംഘം പുറത്തേക്കു പാഞ്ഞു.അനന്തരം സോണിയാമ്മയും യെച്ചൂരിയും കുറേനേരം അടൂര്‍ ചിത്രങ്ങളിലെ നിശ്ചലരംഗങ്ങള്‍ അനുസ്മരിപ്പിച്ചു. താമസിയാതെ വെങ്കയ്യന്റെ ഫോണ്‍ വന്നു: ''രാംനാഥ് കോവിന്ദ് എന്ന മഹാനാണ് മ്മളെ സ്ഥാനാര്‍ഥി. ദലിതനാണ്. സമവായമാണ് ഉദ്ദേശിക്കുന്നത്.''''ഏത് കോവിന്ദന്‍? ഞാള് ഓരെ കേട്ടിട്ടേയില്ല.''ഇതിനിടെ ടിവിയില്‍ ഇടിച്ചുകയറി കുട്ടിമാളു വാര്‍ത്ത പറയാന്‍ തുടങ്ങിയത് ഓര്‍ക്കാപ്പുറത്തായിരുന്നു.''രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി. ചങ്ങായ് ഇപ്പോള്‍ ബിഹാറിലെ പെരിയാശാനാണ്. ദലിതുകളോട് ബല്യ സ്‌നേഹമുണ്ട്. അങ്ങനെയാണ് ആര്‍എസ്എസ് ആയത്. മ്മളെ ഭാഗ്യം എന്നല്ലാതെ എന്തു പറയാന്‍.''അപ്പോള്‍ ചൊറിഞ്ഞുകയറിയ സോണിയാമ്മ, കുട്ടിമാളുവിനോട് ഇപ്രകാരം ചോദിച്ചു: ''അനക്ക് വെങ്കയ്യനും സംഘവും എന്ത് അച്ചാരം തന്നു.''അതുകേട്ട് കുട്ടിമാളു വാര്‍ത്താവായന നിര്‍ത്തി, സങ്കടത്തോടെ പറഞ്ഞു: ''അമ്മച്ചി അങ്ങനെ പറയുന്നത് ഖേദകരവും ഭയങ്കരവുമാണ്.''''കോവിന്ദന്‍ ബല്യ ദലിത് സ്‌നേഹിയാണ് എന്നു പറഞ്ഞത് വെങ്കയ്യ പ്രഭൃതികളെ സുഖിപ്പിച്ചുകിടത്താനല്ലേ?''കുട്ടിമാളു രോഷാകുലയായി വാര്‍ത്തകളെഴുതിയ കടലാസ് കീറിയെറിഞ്ഞു. ടിവി സ്്ക്രീന്‍ പൊട്ടിച്ച് പെട്ടെന്ന് സ്ഥലം വിടുകയും ചെയ്തു.അങ്ങനെയാണ് കൂട്ടരെ മീരാകുമാര്‍ എന്ന ശാലീനയും കുലീന ദലിതയുമായ പെണ്ണുമ്പിള്ള പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായത്. കോവിന്ദന്‍ ജയമുറപ്പിച്ചത്രേ. മ്മക്ക് കാണാം.ജെഡിയു എന്ന മഹത്തായ സോഷ്യലിസ്റ്റ് കക്ഷിയുടെ പിന്തുണ കോവിന്ദനാണ്. എന്നാല്‍, അതിന്റെ കേരളഘടകത്തെ വിലയ്ക്ക് വാങ്ങാമെന്ന് ആരും മോഹിക്കേണ്ട. ഇവിടെ വിപ്ലവകാരികള്‍ ഇപ്പോഴുമുണ്ട്.എന്തുകൊണ്ട് ജെഡിയു കോവിന്ദന്റെ പക്ഷം ചേരുന്നു? ഭാവി പ്രധാനമന്ത്രിയായ നിതീഷ്‌കുമാര്‍ ഇപ്രകാരം പറയുന്നു: ''കോവിന്ദന്‍ നല്ല കുട്ടിയാണ്. ഞാന്‍ മുഖ്യമന്ത്രിയാണെങ്കിലും ചങ്ങായ് ബിഹാറിലെ ഗവര്‍ണറാണെന്ന് ഒരാള്‍ക്കുമറിയില്ല. വായില്‍ വിരലിട്ടാല്‍ കടിക്കില്ല. എന്നോടൊക്കെ എന്തു സ്‌നേഹമാണെന്നോ? അത്തരമൊരാളെ ഉപേക്ഷിക്കാമോ?''
Next Story

RELATED STORIES

Share it