thiruvananthapuram local

കോവളത്ത് എല്‍ഡിഎഫിന്റെ ഫഌക്‌സ് ബോര്‍ഡുകളും ബൂത്ത്കമ്മിറ്റി ഓഫിസും തകര്‍ത്തു

കോവളം: കോവളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജമീലാ പ്രകാശത്തിന്റെ തിരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫിസും ഫഌക്‌സ് ബോര്‍ഡുകളും വ്യാപകമായി അടിച്ചുതകര്‍ത്തു. ഉച്ചക്കട മുതല്‍ മുക്കോല ജങ്ഷന്‍ വരെയുള്ള ഫഌക്‌സ് ബോര്‍ഡുകളാണ് നശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അക്രമം നടന്നത്.
മുക്കോല, മുള്ളുമുക്ക്, കിടാരക്കുഴി, ഇടിവീഴുന്നവിള ക്ഷേത്ര ജങ്ഷന്‍, ചന്തവിളാകം, ഉച്ചക്കട എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫഌക്‌സ് ബോര്‍ഡുകളും മുന്‍ കൗണ്‍സിലര്‍ എച്ച് സുകുമാരിയുടെ വീടിനു മുന്നില്‍ സ്ഥാപിച്ചിരുന്ന 86ാം നമ്പര്‍ ബൂത്ത് കമ്മിറ്റി ഓഫിസുമാണ് അടിച്ചുതകര്‍ത്തത്.
യുഡിഎഫിന്റെ പരാജയം ഉറപ്പായ സാഹചര്യത്തില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനും പ്രവര്‍ത്തകരെ നിര്‍വീര്യമാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് നാട്ടിലാകെ യുഡിഎഫ്-കോണ്‍ഗ്രസ് ഗുണ്ടകള്‍ ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
വിഴിഞ്ഞം പോലിസില്‍ പരാതി നല്‍കിയെങ്കിലും കുറ്റക്കാരെ കണ്ടുപിടിക്കാനുള്ള യാതൊരു നടപടിയും പോലിസ് സ്വീകരിച്ചിട്ടില്ലെന്നും നേതാക്കള്‍ ആരോപിച്ചു.
സംഭവത്തില്‍ എല്‍ഡിഎഫ് കോവളം നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
കുറ്റക്കാരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും നീതിനിഷ്ഠവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് നടക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള ഏജന്‍സികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എല്‍ഡിഎഫ് കോവളം മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ പി രാജേന്ദ്രകുമാര്‍, ചെയര്‍മാന്‍ തെന്നൂര്‍ക്കോണം ബാബു ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it