സ്വത്തില്‍ മുന്നില്‍ കുഞ്ഞാലിക്കുട്ടിയും ഷിബു ബേബിജോണും

സ്വത്തില്‍ മുന്നില്‍ കുഞ്ഞാലിക്കുട്ടിയും ഷിബു ബേബിജോണും
X
kunjalikuty-final

കൊച്ചി: കോഴ,അഴിമതി ആരോപണങ്ങളാല്‍ വീര്‍പ്പുമുട്ടിയ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ അംഗങ്ങളായ നിലവിലെ സ്ഥാനാര്‍ഥികളുടെ സ്വത്ത് വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. 2015-16 സാമ്പത്തിക വര്‍ഷം സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച കണക്കനുസരിച്ച് മന്ത്രിസഭയില്‍ പലരും വീടും കാറുമില്ലാത്തവരാണ്.
ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപത്തിന്റെയും കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതു പി കെ കുഞ്ഞാലിക്കുട്ടിയും ഷിബു ബേബിജോണുമാണ്. മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് സ്വന്തം പേരില്‍ മലപ്പുറം ജില്ലയില്‍ വിവിധ ഇടങ്ങളിലായി 14 ഏക്കര്‍ 18 സെന്റ് ഭൂമിയും ലോഡ്ജും 950, 3400 സ്‌ക്വയര്‍ഫീറ്റ് വീതമുള്ള കെട്ടിടങ്ങളുമുണ്ട്. 6,66,708 രൂപയുടെ നിക്ഷേപവും ഭാര്യയുമായി ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടില്‍ 19,43,949 രൂപയുമുണ്ട്. 6 ലക്ഷം രൂപയുടെ വിവിധ പോളിസികളും മാരുതി സെന്‍കാറുമുണ്ട്. ഭാര്യയുടെ പേരില്‍ ഒന്നരക്കോടിയുടെ ബാങ്ക് നിക്ഷേപവും കാറും 6 ലക്ഷം രൂപയുടെ പോളിസിയും കൈവശം 850 ഗ്രാം സ്വര്‍ണവുമുണ്ട്. മന്ത്രി ഷിബു ബേബിജോണിനും ഭാര്യക്കുംകൂടി അഞ്ചുകോടിയോളം രൂപയുടെ നിക്ഷേപമുണ്ട്. പത്തോളം കമ്പനികളിലെ ഓഹരിയായും ബാങ്ക് നിക്ഷേപമായുമാണ് ഈ തുക.
പി കെ ജയലക്ഷ്മി, ഷിബു ബേബി ജോണ്‍, കെ പി മോഹനന്‍ എന്നിവര്‍ക്ക് സ്വന്തം പേരില്‍ വീടില്ല. കെ ബാബു, ഇബ്രാഹിം കുഞ്ഞ്, അടൂര്‍ പ്രകാശ്, എം കെ മുനീര്‍, പി കെ ജയലക്ഷ്മി, മഞ്ഞളാംകുഴി അലി എന്നിവര്‍ക്ക് കാറില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ എം മാണി, സി എന്‍ ബാലകൃഷ്ണന്‍, എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, പി കെ ജയലക്ഷ്മി എന്നിവര്‍ക്ക് എല്‍ഐസി പോളിസി പോലുമില്ല. മന്ത്രി ജയലക്ഷ്മിക്കും അടൂര്‍ പ്രകാശിനും ബാങ്ക് അക്കൗണ്ടുമില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സ്വന്തം പേരില്‍ സ്ഥലമില്ല. ആകെയുള്ളത് വിവിധ ബാങ്കുകളിലായി 32,999 രൂപയുടെ നിക്ഷേപവും 9,600 രൂപയുടെ ഓഹരികളും 38 ഗ്രാം സ്വര്‍ണവുമാണ്. ഭാര്യ മറിയാമ്മ ഉമ്മന്റെ പേരില്‍ തിരുവനന്തപുരത്ത് പതിമൂന്നര സെന്റ് സ്ഥലമുണ്ട്. ഭാര്യയുടെ കൈവശം 37 പവന്‍ സ്വര്‍ണവും സ്വിഫ്റ്റ് കാറുമുണ്ട്. 21.52 ലക്ഷം രൂപ വിവിധ ബാങ്കുകളില്‍ നിക്ഷേപവും 18.69 ലക്ഷം രൂപയുടെ കടവുമുണ്ട്. മകന്‍ ചാണ്ടി ഉമ്മന്റെ പേരില്‍ 21,26,472 രൂപയുടെ നിക്ഷേപവും 7.35 ലക്ഷം രൂപ ബാധ്യതയുമുണ്ട്.
മന്ത്രി കെ പി മോഹനന് സ്വത്തായി നാല് ഏക്കറോളം സ്ഥലവും 5 പശുക്കളുമുണ്ട്. മക്കളുടെ പേരില്‍ ഏഴ് ലക്ഷത്തിനടുത്ത് വിദ്യാഭ്യാസ വായ്പ എടുത്തിട്ടുണ്ട്. മന്ത്രി പി കെ ജയലക്ഷ്മിക്ക് വയനാട്ടില്‍ രണ്ടേക്കര്‍ സ്ഥലവും 20 പവന്റെ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷത്തിന്റെ ആര്‍ഡി നിക്ഷേപവുമുണ്ട്. ലീഗ് മന്ത്രിയായ മഞ്ഞളാംകുഴി അലിക്ക് കൈരളി ടി വിയില്‍ അഞ്ചുലക്ഷത്തിന്റെ ഓഹരിയും ഇഎംഎസ് ആശുപത്രിയില്‍ പതിനായിരം രൂപയുടെ ഓഹരി നിക്ഷേപവുമുണ്ട്. മന്ത്രി എം കെ മുനീറിന് ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനില്‍ ആറുലക്ഷം രൂപയുടെ ഓഹരിയാണുള്ളത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോട്ടയം മുനിസിപ്പാലിറ്റിയില്‍ 18 സെന്റ് സ്ഥലത്ത് 2,900 ചതുരശ്രയടി വിസ്തൃതിയുള്ള വീടുണ്ട്. എന്നാലിതിന് ഒന്നരലക്ഷം രൂപയാണ് മൂല്യം കാണിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it