കോഴ: കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: കൈക്കൂലി വാങ്ങിയെന്ന കേസില്‍ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ രാജ്പാല്‍സിങ് കഹ്‌ലോണിനെ പോലിസ് അറസ്റ്റ് ചെയ്തു. കണ്ടെയ്‌നര്‍ ടെര്‍മിനല്‍ സ്ഥാപനത്തിന്റെ പ്രതിനിധിയില്‍ നിന്ന് ഇദ്ദേഹം 20 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്നാണ് ആരോപണം. പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചായിരുന്നു കഹ്‌ലോണിന്റെ അറസ്റ്റ്. കോഴ നല്‍കിയ വ്യവസായി ഡി ഡി ജഗ്തവ് ദത്താജിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പശ്ചിമബംഗാള്‍ കാഡറിലെ 1984 ബാച്ച് ഐഎഎസ് ഓഫിസറാണ് കഹ്‌ലോണ്‍. ന്യൂമാര്‍ക്കറ്റ് പോലിസ് സ്‌റ്റേഷനിലാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴ സംബന്ധിച്ചു രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലിസ് കഹ്‌ലോണിനെ നിരീക്ഷിച്ചുവരികയായിരുന്നു. കഹ്‌ലോണിനെയും ദത്താജിയെയും ബങ്ക്ഷാള്‍ കോടതി എട്ടു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷ ജഡ്ജി ദേബബ്രത തള്ളി.
പോലിസ് ശേഖരിച്ച വിവരങ്ങള്‍ പ്രഥമദൃഷ്ട്യാ കേസില്‍ ബലം പകരുന്നതാണെന്നു കോടതി വിലയിരുത്തി. ഐഎഎസില്‍ ചേരുന്നതിനു മുമ്പ് കഹ്‌ലോണ്‍ 1981 ബാച്ച് മധ്യപ്രദേശ് കാഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു.
ഭാരത് കൊല്‍ക്കത്ത കണ്ടെയ്‌നേഴ്‌സ് ടെര്‍മിനല്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് അറസ്റ്റിലായ ദത്താജി. കോഴത്തുകയായ 20 ലക്ഷത്തിനു പുറമെ 11 ലക്ഷം രൂപ ഹോട്ടലിലെ ദത്താജിയുടെ മുറിയില്‍ നിന്നു കണ്ടെടുത്തതായി പബ്ലിക് പ്രോസിക്യൂട്ടര്‍ തമില്‍ മുഖര്‍ജി കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ 14 ദിവസത്തെ കസ്റ്റഡിക്കാണ് പോലിസ് ആവശ്യപ്പെട്ടത്. എന്നാല്‍ 7 ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. 2013 മുതല്‍ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ ചെയര്‍മാനാണ് കഹ്‌ലോണ്‍.
Next Story

RELATED STORIES

Share it