kozhikode local

കോഴിവ്യാപാരത്തെയും പ്രതിസന്ധിയിലാക്കിയതായി ചിക്കന്‍ വ്യാപാരി സമിതി

കോഴിക്കോട്: നിപാ പനിയുടെ പേരിലുള്ള വ്യാജ പ്രചാരണങ്ങള്‍ കോഴി വ്യാപാരത്തെയും പ്രതിസന്ധിയിലെത്തിച്ചിരിക്കയാണെന്ന് കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി ഭാരവാഹികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപാരം 40 ശതമാനം മുതല്‍ 60 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.
വ്യാപാര മേഖലയെ തകര്‍ക്കുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോഴിക്കോട് ഡിഎംഒയുടെ വ്യാജ ലെറ്റര്‍ ഹെഡില്‍ പ്രചരിച്ച സന്ദേശം ഇത്തരത്തില്‍ അവസാനത്തെതാണ്. നിപാ വൈറസ് കോഴികളില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കോഴികളിലൂടെ ഈ രോഗം പകരുമെന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല എന്ന കാര്യം ഡിഎംഒ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്.
മാത്രമല്ല, ഡിഎംഒ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പോലിസ് കമ്മീഷണര്‍ക്ക് പരാതിനല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം നടക്കുന്നുമുണ്ട്.ലക്ഷക്കണക്കിന് കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഈ പ്രവണത തടയേണ്ടതുണ്ട്. കോഴിയിറച്ചിയുടെ വില വര്‍ധനവിനു കാരണം കേരളത്തിലെ വ്യാപാരികളല്ലെന്ന് സമിതി ഭാരവാഹികള്‍ പറയുന്നു. കേരളത്തിലെ കോഴി വ്യാപാരത്തിന്റെ 80 ശതമാനവും വരുന്നത് തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ്. അവരാണ് വില നിശ്ചയിക്കുന്നത്. കേരളത്തില്‍ ഇപ്പോഴത്തെ വില കോഴിക്ക് 102 ഉം ഇറച്ചിക്ക് 180-190 രൂപയുമാണെന്ന് അവര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ 90 രൂപയുണ്ട് കോഴിക്ക്. ഇവിടെ എത്തിക്കുന്നതിനുള്ള ചെലവ് കൂടി ചേര്‍ത്താണ് 102 രൂപയ്ക്ക് വില്‍ക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ 87 രൂപയ്ക്ക് വില്‍ക്കാന്‍ പറഞ്ഞത് ഒരു നിര്‍ദേശം മാത്രമായിരുന്നുവെന്നും അവര്‍ പറയുന്നു. കേരളത്തിലെ കര്‍ഷകരില്‍ നിന്നുള്ള കോഴി ശേഖരിച്ച ശേഷം മാത്രമെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുള്ളു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹനീഫ ആദൂര്‍, ജില്ലാ പ്രസിഡന്റ് കെ വി ബഷീര്‍, സെക്രട്ടറി വി പി മുസ്തഫ, ഖജാഞ്ചി സൈനുദ്ദീന്‍ കള്ളിയില്‍, ജോയിന്റ് സെക്രട്ടറി ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it