thiruvananthapuram local

കോഴിയും കൂടും പദ്ധതി: ജപ്തി നടപടികളുമായി ബാങ്ക്

വെള്ളറട: കുടുംബശ്രീയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് ബാങ്ക് ലോണ്‍ വഴി കോഴിയും കൂടും നല്‍കിയ പദ്ധതി പാളി. പദ്ധതി ഗുണഭോക്താക്കള്‍ക്കായി ബാങ്ക് നല്‍കിയ വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ ഗുണഭോക്താക്കള്‍ക്കെതിരേ ജപ്തി നടപടയുമായി ബാങ്ക്.  ഗവണ്‍മെന്റിന്റെ ജെഎല്‍ജി സംഘങ്ങള്‍ മുഖേനെ വെള്ളറട പഞ്ചായത്തിലെ 72 കര്‍ഷകരെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. ഇവര്‍ക്ക് 50മുട്ടക്കോഴി, വലിയകൂട്, തീറ്റ, മരുന്ന് എന്നിവ പദ്ധതി പ്രകാരം ലഭിച്ചു. നഷണല്‍ ഓര്‍ഗാനിക് ഫാര്‍മേഴ്‌സ് കന്‍സോര്‍ഷ്യം എന്ന കമ്പനിയും എന്‍ഒഎഫ്‌സി വിഷ്ണു ഏജന്‍സി ഒറ്റശേഖരമംഗലവുമാണ കോഴിയും അനുബന്ധ സാമഗ്രികളും വിതരണം ചെയ്യാന്‍ കരാറെടുത്തത്. കോഴികള്‍ ഇടുന്ന മുട്ടകള്‍ ആറു രൂപ നിരക്കില്‍ നല്‍കി കമ്പനി ഏറ്റെടുക്കുമെന്നും 14 മാസമാവുമ്പോള്‍  വീണ്ടും പുതിയ കോഴികളെ നല്‍കുമെന്നും കരാര്‍ കമ്പനി വാഗ്ദാനം ചെയ്തിരുന്നു. പ്രാരംഭ മുതല്‍മുടക്കായ ഓരോ കര്‍ഷകനും അരലക്ഷം രൂപവീതം യൂനിയന്‍ ബാങ്ക് വായ്പയായി അനുവദിച്ചിരുന്നു. ഈ പണം എന്‍ഒഎഫ്‌സി കമ്പനി ബാങ്കില്‍ നിന്നും കൈപ്പറ്റി. ആദ്യ മാസങ്ങളില്‍ കര്‍ഷകര്‍ക്കുവേണ്ട കോഴിത്തീറ്റയും മറ്റ് സഹായങ്ങളും കമ്പനി നല്‍കിയെങ്കിലും പിന്നീട് ഒരുസഹായവും ലഭിക്കാതെയായി. മാത്രമല്ല മുട്ടകള്‍ ശേഖരിക്കാനും തയാറായില്ല. ഇതോടെ കോഴികള്‍ കര്‍ഷകര്‍വിറ്റു. വായ്പാ തുക തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് വായ്പ നല്‍കിയ കര്‍ഷകര്‍ക്ക്  നോട്ടീസുകള്‍ അയച്ചുവെങ്കിലും കര്‍ഷകര്‍ പ്രതികരിച്ചില്ല. ഇതിനുപിന്നാലെ ബാങ്ക് നടപടി ശക്തമാക്കി. വായ്പകള്‍ എടുത്തിട്ടുള്ള കര്‍ഷകരുടെ ഭൂമിക്കരം വില്ലേജില്‍ അടക്കാന്‍ കഴിയാതെയായി. ഇന്നലെ ബാങ്ക് അധികൃതര്‍ വെള്ളറട വില്ലേജ് ഓഫിസില്‍ വച്ച് ഒറ്റ തവണ അദാലത്ത് സംഘടിപ്പിച്ചിരുന്നു. 72 വനിതാ കോഴി കര്‍ഷകരും അവരുടെ ആശ്രിതരും വില്ലേജിലെത്തി ബാങ്ക് അധികൃതരുടെ മുന്നില്‍ പ്രതിഷേധിച്ചു. തങ്ങള്‍ പണം വാങ്ങിയിട്ടില്ലാത്തതിനാല്‍ വായ്പ തിരിച്ചടക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കോഴികള്‍ നല്‍കിയ കമ്പനി വാക്ക് പാലിച്ചില്ലെന്നും കമ്പനിക്കെതിരേവേണം നടപടിയെടുക്കേണ്ടതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. തുടര്‍ന്ന് പഞ്ചായത്ത് അംഗം പ്രതീപ് ബാങ്ക് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തി. വായ്പ നല്‍കിയത് തിരിച്ച് പിടിക്കാതിരിക്കാന്‍ കഴിയില്ലെന്നും സഹകരിക്കണമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it